ടോക്കിയോ: ഒരു ട്യൂണ മത്സ്യം (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളര്‍). ജപ്പാനിലെ ടോക്കിയോയിൽ ഒരു മത്സ്യ മാര്‍ക്കറ്റിലാണ് അസാധാരണ വിലയ്ക്ക് ട്യൂണമീൻ വിൽപന നടന്നത്. പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിന് ട്യൂണയ്ക്ക് 11 കോടി രൂപ ലഭിക്കുന്നത്.
ഒരു ട്യൂണ മത്സ്യത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഒണോഡേര എന്ന ഹോട്ടൽ ഗ്രൂപ്പാണ് 11 കോടി രൂപയ്ക്ക് ട്യൂണ മത്സ്യത്തിനെ സ്വന്തമാക്കിയത്. ഇത് ആദ്യമായല്ല കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ട്യൂണ മീനുകളെ വന്‍തുക നല്‍കിയാണ് ഒണോഡേര ഗ്രൂപ്പ് ലേലത്തില്‍ സ്വന്തമാക്കുന്നത്. 114 മില്യണ്‍ യെന്നിനാണ് (6.2 കോടി രൂപ) ഒരു ട്യൂണ മീനിനെ കഴിഞ്ഞവര്‍ഷം ഒണോഡേര ഗ്രൂപ്പ് സ്വന്തമാക്കിയത്.
2019-ലാണ് ടോക്കിയോ മത്സ്യ മാര്‍ക്കറ്റിലെ ലേലത്തില്‍ ട്യൂണയ്ക്ക് ഏറ്റവും വലിയ തുക ലഭിച്ചത്. അന്ന് 278 കിലോഗ്രാം ഭാരം വരുന്ന ഒരു ബ്ലൂഫിന് ട്യൂണയ്ക്ക് ലഭിച്ചത് 333.6 മില്യണ്‍ യെന്‍ (18.19 കോടി രൂപ) ആണ്. സുഷി ഷണ്മയ് നാഷണല്‍ റെസ്റ്റോറന്റ് നടത്തിപ്പുകാരനായ കിയോഷി കിമുരയാണ് അന്ന് ലേലത്തില്‍ ചൂര മത്സ്യത്തിനെ സ്വന്തമാക്കിയത്.