പാരീസ്: എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ ഫ്രാന്‍സിലെ ഇന്ത്യന്‍സമൂഹം നല്കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഫ്രാന്‍സില്‍ രണ്ടുദിവസമായി നടക്കുന്ന എ.ഐ. ഉച്ചകോടിക്ക് തിങ്കളാഴ്ചയാണ് തുടക്കമായത്. നൂറുരാജ്യങ്ങളില്‍നിന്നുള്ള ഭരണാധികാരികളും സര്‍ക്കാര്‍ പ്രതിനിധികളും കമ്പനി സി.ഇ.ഒ.മാരും ശാസ്ത്രജ്ഞരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.