വാട്ആപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ ഇടപാടുകാര്‍ക്ക് വിവരങ്ങൾ കൈമാറുന്നതിന് ബാങ്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി സൗദി. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിര്‍ദേശം നല്‍കിയത്. ഇടപാടുകാരുടെ വിവരങ്ങളെ സംബന്ധിച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് നിര്‍ദേശം നല്‍കിയത്.
അതോടൊപ്പം ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതിന് സുരക്ഷിതമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്ബോട്ടുകളോ ഉപയോഗിക്കാൻ സാധിക്കുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ബില്‍ പേയ്മെന്റുകള്‍ക്ക് ബാങ്ക്, സര്‍ക്കാര്‍ വെബ്പോര്‍ട്ടലുകളോ മറ്റ് ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കണെന്നും ഇടപാടുകാരോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് തട്ടിപ്പുകള്‍ വര്‍ധിക്കുന്നുവെന്നാണ് അറബ് നാഷണല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ഫ്രോഡ് കണ്ട്രോള് വിഭാഗം മേധാവി പറയുന്നത്. അതുകൊണ്ടു തന്നെ വിവര സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സൗദി സെന്‍ട്രല്‍ ബാങ്ക് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.