സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ വിവാദങ്ങളില്‍ വീഴ്ത്തിയ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്ത് താത്കാലികാശ്വാസം നേടിയിരിക്കുകയാണ് സര്‍ക്കാര്‍.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ രൂപീകരണമാണ് കെ ഗോപാലകൃഷ്ണന് കുരുക്കായതെങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഫെയ്സ്ബുക്കിലൂടെ നടത്തിയ അധിക്ഷേപങ്ങളാണ് എന്‍ പ്രശാന്തിന് പണിയായത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
ഒക്ടോബര്‍ 31 നാണ് ഗോപാലകൃഷ്ണന് അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു, പിന്നാലെ ഒരു മുസ്ലീം ഗ്രൂപ്പ് കൂടി രൂപീകരിച്ച് ഗോപാലകൃഷ്ണന് തന്റെ മതേതരത്വം പ്രകടിപ്പിക്കാന്‍ നോക്കി. പക്ഷെ കാര്യങ്ങള്‍ കൈയില്‍ നിന്നില്ല. കൈവിട്ടതോടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നായി വിശദീകരണം. ഇക്കാര്യം ഉന്നയിച്ച് പരാതിയും നല്കി.
എന്നാല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ അതിന് തെളിവ് കണ്ടെത്താനായില്ല. മാത്രവുമല്ല ഗോപാലകൃഷ്ണന് ഐഎഎസ് തന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൊടുത്തത് റീസെറ്റ് ചെയ്ത ശേഷമാണെന്നും തെളിഞ്ഞു. ഈ ചെയ്തികളെല്ലാം യാഥാര്‍ത്ഥ്യം എന്തെന്ന് വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ തിരിച്ചറിയാന്‍ സഹായിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപാലകൃഷ്ണന് ഐഎഎസ് വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്. അതേസമയം, വിഷയത്തില്‍ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസ് എടുക്കില്ല. ഗ്രൂപ്പിലെ ആരെങ്കിലും പരാതി നല്കിയാല് കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.
തനിക്കെതിരെ മാതൃഭൂമി പത്രത്തില്‍ തുടര്‍ച്ചയായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് എന്‍ പ്രശാന്ത് ഐഎഎസ് തന്റെ മേലുദ്യോഗസ്ഥനായ എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ നിരന്തരം അധിക്ഷേപവും വിമര്‍ശനവും നടത്തിയത്. ഉന്നതിയുടെ സിഇഒ ആയിരിക്കെ ചില ഫയലുകള്‍ കാണാതായെന്നത് ഉള്‍പ്പെടെയുള്ള പത്രവാര്‍ത്തകള്‍ക്ക് പിന്നില്‍ ജയതിലക് ആണെന്നാണ് പ്രശാന്തിന്റെ ആരോപണം.
അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മാതൃഭൂമിയുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടറെന്നും ചിത്തരോഗിയെന്നും എല്ലാം അധിക്ഷേപിച്ചാണ് ഫെയ്സ്ബുക്കിലെ കുറിപ്പുകള്‍. പരസ്യവിമര്‍ശനം ആയതിനാല്‍ കൂടുതല്‍ വിശദീകരണം തേടേണ്ടതില്ലെന്ന് വിലയിരുത്തിയാണ് പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചത്. തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി സ്വാഭാവിക നീതിനിഷേധമാണെന്നാണ് പ്രശാന്തിന്റെ വാദം. സസ്പെന്‍ഷനെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനാണ് നീക്കം.