വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.
വാട്സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം.
സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്ഡേറ്റ് സംബന്ധിച്ച് വാട്സാപ്പ് വ്യക്തമാക്കി.