ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വരുന്നതോടെ കേരളത്തിലെ ബിജെപിക്കുള്ളിൽ വിഭാഗീയത അതിന്റെ പരമാവധി വർദ്ധിക്കുവാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ വളർത്തുന്നതിൽ പങ്കു വഹിച്ച ഒട്ടേറെ നേതാക്കൾ ഇവിടെത്തന്നെയുള്ളപ്പോൾ പുറത്തുനിന്ന് ഒരാൾ വരുന്നതിൽ അമർഷം പലർക്കും ഉണ്ട്. ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന്റെ നിരാശയിലാണ് ശോഭ സുരേന്ദ്രനും എംടി രമേശും. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ ഇത്തവണ സ്ഥനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം തുണച്ചത് കേരളത്തിന് പുറത്ത് നിന്നെത്തിയ രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതിന്റെ അലയൊലികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.
മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നില മെച്ചപ്പെടുത്തുന്ന ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. പാലക്കാട്ടും ഉപതെരഞ്ഞെടുപ്പിൽ ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പറഞ്ഞുവെങ്കിലും സി കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയായിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയവും വലിയ തോതിലുള്ള വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിഴച്ചു. വിജയം നേടാനാകാതെ പോയതിൽ പരിവാർ സംഘടനകൾക്കും ബിജെപിയോട് അമർഷമുണ്ടായിരുന്നു. ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നുവെങ്കിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഗതിയെ തന്നെ മാറ്റുമെന്ന ഉപദേശവും ആർഎസ്എസ് നേതൃത്വം ബിജെപിക്ക് അന്ന് നൽകിയിരുന്നു. എന്നാൽ അതെല്ലാം കൃഷ്ണകുമാറിന് മുൻപിൽ ബിജെപി സംസ്ഥാന നേതൃത്വം അടിയറവ് വെക്കുകയായിരുന്നു.
ഇന്ന് കേരളത്തിൽ ശോഭാസുരേന്ദ്രനോളം പ്രവർത്തകരുടെ പിന്തുണയുള്ള മറ്റൊരു നേതാവും ബിജെപിയിൽ ഇല്ല. പ്രകോപനം നിറഞ്ഞ പ്രസംഗങ്ങളിലൂടെയാണ് ശോഭാ സുരേന്ദ്രൻ കേരളമൊട്ടാകെ അറിയപ്പെടുന്ന നേതാവായി മാറിയത്. 90കളിൽ തൃശ്ശൂർ മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകരുടെ ആവേശമായി മാറാൻ ശോഭയ്ക്ക് സാധിച്ചു. അക്കാലത്ത് ശോഭയ്ക്ക് ഒത്ത ഒരു എതിരാളിയെ പ്രസംഗപീഠങ്ങളിൽ എത്തിക്കാൻ സിപിഎം പാടുപെട്ടു. ചെന്നിറങ്ങുന്ന മണ്ഡലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ പെരുപ്പിക്കാനും ഉയർത്തിക്കാട്ടാനും ശോഭയ്ക്ക് തന്റെ വാക്ചാതുര്യം കൊണ്ട് സാധിക്കാറുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏതു മണ്ഡലത്തിൽ നിന്നാലും ശോഭ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുകയും ചെയ്തിരുന്നു. 2020ല്‍ കെ സുരേന്ദ്രന് അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് അകലം പാലിച്ച് മാറി നില്‍ക്കുകയായിരുന്നു ശോഭ. പിന്നീട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് വീണ്ടും അവരെ കോർ കമ്മിറ്റിയിലേക്ക് എത്തിച്ചത്.
ഇപ്പോള്‍ നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും ഘട്ടത്തിലും ബിജെപിയെ തള്ളിപ്പറയുവാൻ ശോഭാസുരേന്ദ്രൻ തയ്യാറായിട്ടില്ല. പല വിവാദങ്ങളും ഉയർന്നു വന്നപ്പോഴും തന്റെ ചെലവിൽ ബിജെപിയെ തകർക്കുവാൻ അനുവദിക്കില്ല എന്ന മറുപടിയായിരുന്നു അവർ നൽകിയത്. അതായത് പറയുവാനുള്ളത് കൃത്യമായി പാർട്ടിയുടെ വേദികളിൽ തുറന്നടിക്കുന്ന സമീപനമായിരുന്നു അവരുടേത്. തന്റെ ചെറുപ്പകാലം മുതൽക്കേ പിന്തുടരുന്ന രാഷ്ട്രീയത്തിന് വേണ്ടി എല്ലാകാലത്തും അവർ അചഞ്ചലമായി നില കൊണ്ടിട്ടുണ്ട്.
അവഗണനയും തള്ളിപ്പറച്ചിലുകളും നേരിടുന്ന ഘട്ടങ്ങളിലും പ്രസ്ഥാനത്തെ ഒരുവേള പോലും അവർ പ്രതിസന്ധിയിൽ ആക്കിയിട്ടില്ല. അത്രമേൽ പാർട്ടിയെ ജീവനുതുല്യം സ്നേഹിച്ച ശോഭാ സുരേന്ദ്രനെ പരിഗണിക്കാതെ തുടർച്ചയായി മറ്റുള്ളവരെ പരിഗണിക്കുന്ന സമീപനത്തിൽ പ്രവർത്തകർക്കിടയിലും കടുത്ത എതിർപ്പുണ്ട്. വരും രാജി ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങളുമായി വരും ദിവസങ്ങളിൽ മുന്നോട്ടു വരുമെന്നും അറിയുന്നു.
മലയാളം എഴുതുവാനോ വായിക്കാനോ അറിയാത്ത, സംഘടനാ പ്രവർത്തനത്തിൽ അത്രകണ്ട് പരിചയമില്ലാത്ത ഒരാളെ പ്രസ്ഥാനം ഏൽപ്പിക്കുന്നത് ഒരു കാരണവശാലും ഗുണം ചെയ്യില്ലെന്നും രാജീവിനെ എതിർക്കുന്നവർ ഒറ്റക്കെട്ടായി പറയുന്നു. വരാനിരിക്കുന്ന പ്രതിസന്ധികാലത്തെ രാജീവിന് ഒരിക്കലും തരണം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പു കാലത്ത് ഒരു മുന്നേറ്റവും അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടാക്കുകയില്ലെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.