പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടിയൊഴുക്കുകളും വിവാദങ്ങളും നിറഞ്ഞുനിൽക്കുന്ന പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻ എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ എംപിയായി വിജയിച്ചതിനെ തുടർന്ന് ഒഴിവ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം കഴിഞ്ഞ 13ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൽപ്പാത്തി തേരുമായി ബന്ധപ്പെട്ട് 20ലേക്ക് മാറ്റുകയായിരുന്നു. തീയതി മാറ്റിയതോടെ പ്രചാരണത്തിന് കൂടുതൽ സമയം കിട്ടിയെങ്കിലും അവസാന ദിവസങ്ങളിലും മുന്നണികളും സ്ഥാനാർത്ഥികളും ഓട്ടത്തിൽ തന്നെയാണ്. എങ്ങനെയും തങ്ങളുടെ വോട്ടുകൾ ചോരാതെ പരമാവധി സ്വരൂപിക്കുവാൻ ആണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

മാറിമാറി ഒട്ടേറെ രാഷ്ട്രീയവിവാദങ്ങളും വിഷയങ്ങളും ചർച്ചയായ തെരഞ്ഞെടുപ്പാണ് പാലക്കാട്ടേത്. ദേശീയ- സംസ്ഥാന രാഷ്ട്രീയമൊന്നും മണ്ഡലത്തിൽ വലുതായി ചർച്ച ചെയ്യുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ മണ്ഡലത്തിൽ നടക്കുന്നുണ്ടെങ്കിലും പ്രധാനമായും സ്ഥാനാർത്ഥികളുടെ മികവും പ്രാദേശിക വിഷയങ്ങളും അപ്പോഴപ്പോഴുള്ള രാഷ്ട്രീയ ആക്രമണങ്ങളും പ്രത്യാക്രമങ്ങളും ആണ് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാ കേന്ദ്രം. അപ്പോഴും തങ്ങളുടെ അനുകൂലഘടകങ്ങൾ വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
ഇനിയുള്ള ദിവസങ്ങൾ പരമാവധി നേതാക്കളെ മണ്ഡലത്തിലെത്തിച്ചു പ്രചാരണം കൊഴിപ്പിക്കാനാണു മുന്നണികളുടെ നീക്കം. റോഡ് ഷോ, ബൈക്ക് റാലി, ഫ്ലാഷ്മോബ്, സ്വീകരണ യോഗങ്ങൾ, അവസാനഘട്ട ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് അവസാന ദിവസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 18നു കലാശക്കൊട്ട് കൊഴുപ്പിക്കാനായി വ്യത്യസ്ത പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 19നു നിശ്ശബ്ദ പ്രചാരണ ദിവസം സംഘടനാ, സാമുദായിക നേതാക്കളെ നേരിൽ കണ്ടു വോട്ട് അഭ്യർഥിക്കാനാണ് മുന്നണികളുടെ തീരുമാനം. ഡോ.പി.സരിൻ കോൺഗ്രസ് വിട്ടു സിപിഐഎമ്മിൽ ചേർന്നു സ്ഥാനാർത്ഥിയായതോടെ പോര് മുറുകി. മണ്ഡലം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും എൻഡിഎയും പരമാവധി ശ്രമങ്ങളാണു നടത്തുന്നത്. ഇതിനിടെ കള്ളപ്പണ ആരോപണങ്ങളും വിവാദമായി. കൂടുതൽ വിവാദങ്ങളിൽപെടാതെ കരുതലോടെ നടക്കാനും സ്ഥാനാർത്ഥികളും നേതാക്കളും ശ്രദ്ധിക്കുന്നുണ്ട്.
UDF- സ്ഥാനാർത്ഥിയുടെ മികവും മണ്ഡലത്തിലെ വികസനവും

സംസ്ഥാന, കേന്ദ്രസർക്കാരുകൾക്കെതിരായ ജനവികാരം രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വോട്ടായി മാറുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. മികച്ച യുവസ്ഥാനാർഥിയെന്നതാണ് പ്രചാരണത്തിലെ ഹൈലൈറ്റ്. പത്തുവർഷം എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്. ഷാഫിയുടെയും വി.കെ ശ്രീകണ്ഠൻ എംപിയുടെയും മണ്ഡലത്തിലെ ജനപ്രീതിയും സ്വാധീനവും വോട്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. മണ്ഡലപുനർനിർണയത്തിനുശേഷം പാലക്കാട് യുഡിഎഫിന്റെ ജയത്തുടർച്ചയും പ്രതീക്ഷ നൽകുന്നു. എൽഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന പല വിവാദങ്ങളും ഒടുവിൽ തങ്ങൾക്ക് അനുകൂലമായെന്നും പ്രതീക്ഷയുണ്ട്.
LDF: കോൺഗ്രസ് വോട്ടുകളിലെ വിള്ളലും സർക്കാരിന്റെ മികവും

സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളാണ് എൽഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്. പൂർത്തിയാകാത്ത പദ്ധതികളുൾപ്പെടെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വികസനമുരടിപ്പും ചർച്ചയാക്കുന്നുണ്ട്. സ്ഥാനാർഥി പി. സരിന്റെ അക്കാദമിക് മികവും സിവിൽ സർവീസ് നേട്ടവും മുന്നണിവ്യത്യാസമില്ലാതെ ഒരുവിഭാഗം വോട്ടർമാരിൽ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടൽ. അതോടൊപ്പം തന്നെ കോൺഗ്രസിൽ സജീവമായിരുന്ന സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നതോടെ കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയവരിൽ പലരുടെയും വോട്ടുകളും പിന്തുണയും ഇടതുമുന്നണിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്. മുൻ യൂത്ത്കോൺഗ്രസ് നേതാവ് എ കെ ഷാനിബ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. രാഹുലിനോടും ഷാഫിയോടും എതിർപ്പുള്ളവർ കൃത്യമായി കോൺഗ്രസ് വോട്ടുകളെ ഇടതുപാളയത്തിലേക്ക് എത്തിക്കുമെന്ന് എൽഡിഎഫ് ക്യാമ്പ് കരുതുന്നു.
NDA: നഗരസഭ ഭരണവും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും

സ്ഥാനാർഥി നാട്ടുകാരൻ ആണ് എന്ന ഇമേജിലാണ് എൻഡിഎ പ്രതീക്ഷ വെയ്ക്കുന്നത്. പരിചിതനായ സ്ഥാനാർഥിയെന്നതും മുനിസിപ്പൽ വൈസ് ചെയർമാൻ എന്നനിലയിലെ സി. കൃഷ്ണകുമാറിന്റെ പ്രവർത്തനവും നേട്ടമാകുമെന്ന് കരുതുന്നു. നഗരസഭയിൽ അമൃത് പദ്ധതിയുൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കിയതും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ബിജെപിക്ക് ശക്തമായ സംഘടനാസംവിധാനമുള്ളയിടമാണ് പാലക്കാട്. ഇത് പ്രയോജനപ്പെടുത്തി വീടുകളിൽ നേരിട്ടെത്തി പരമാവധി വോട്ട് സമാഹരിക്കാനാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇൻഡസ്ട്രിയൽ സ്മാർട്ട്സിറ്റിപോലുള്ള കേന്ദ്രപ്രഖ്യാപനങ്ങളും തങ്ങൾക്കനുകൂലമാകുമെന്നാണ് എൻഡിഎ കണക്കുകൂട്ടുന്നത്.