രാജ്യത്ത് നവതരംഗമായി മാറുമെന്ന് പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടി സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിയാന്‍ കാരണമെന്താണ്. അരവിന്ദ് കെജരിവാള്‍ എന്ന ഒറ്റയാള്‍ പോരാളിക്ക് എങ്ങിനെയാണ് അടിതെറ്റിയത്. അസംബ്ലി തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ആംആദ്മി പാര്‍ട്ടിയുടെ മുഖ്യശത്രുവായിമാറിയത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒറ്റ മുന്നണിയായി ബി ജെ പിക്കെതിരെ പോരാട്ടം നടത്തിയ ആംആദ്മിയും കോണ്‍ഗ്രസും എങ്ങിനെയാണ് പരസ്പരം പോരാടുന്ന അവസ്ഥയിലേക്ക് എത്തിയത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം ബി ജെ പി അധികാരത്തില്‍ എത്തിയാലും ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തരുതെന്ന നിലപാടിലായിരുന്നു. കോണ്‍ഗ്രസ് എന്താണോ ആഗ്രഹിച്ചത് അത് ഡല്‍ഹിയില്‍ സംഭവിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ കുത്തക തകര്‍ത്ത ആം ആദ്മിയെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഡല്‍ഹിയിലെ ഭരണം നഷ്ടമായ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഗുജറാത്തിലും ജമ്മുവിലും യു പിയിലും വന്‍ ശക്തിയായി മാറുമെന്ന് പ്രഖ്യാപിച്ച ആപ്പിന് സ്വന്തം തട്ടകത്തില്‍ നേരിട്ട പരാജയം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതാണ്. മൂന്നു തവണ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളിന് എങ്ങിനെയാണ് ജനപിന്തുണ നഷ്ടമായത്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് അധികാരത്തിലേറിയ ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയിലുണ്ടായ തിരിച്ചടിക്ക് കാരണം അഴിമതിയാരോപണം തന്നെ.

ഡല്‍ഹി തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ബി ജെ പി വന്‍ നേട്ടം കൈവരിച്ചപ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. എങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിന് ആശ്വാസമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ലളിത ജീവിതം നയിക്കണമെന്നുള്ള പ്രഖ്യാപനത്തിലൂടെ അധികാരത്തിലേറിയ കെജരിവാള്‍ മൂന്നാം വട്ടം മുഖ്യമന്ത്രിയായതോടെ എല്ലാം മറന്നു. ഇത് വലിയ തിരിച്ചടിക്ക് വഴിവച്ചു. ഇന്‍ഡ്യാ മുന്നണിയുടെ പ്രധാന രാഷ്ട്രീയ കക്ഷിയായിരുന്ന ആംആദ്മി പാര്‍ട്ടിക്കെതിരെ അതിശക്തമായ നിലപാടാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് കൈക്കൊണ്ടത്.
രാഹുല്‍ഗാന്ധി പങ്കെടുത്ത എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും ഏറ്റവും കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത് അരവിന്ദ് കെജരിവാളിനെ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതും മദ്യ അഴിമതികേസും സാധാരണക്കാരില്‍ ആംആദ്മി പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തി. അവസാന ഘട്ടത്തില്‍ സിറ്റിംഗ് എം എല്‍ എമാരുടെ കൂട്ടരാജിയും ബിജെപി ക്ക് അനുകൂല കാലാവസ്ഥയൊരുക്കി എന്നതാണ് സത്യം. കോണ്‍ഗ്രസ് ഒരുക്കിയ ആപ്പ് വിരുദ്ധ രാഷ്ട്രീയകാലാവസ്ഥയില്‍ ബി ജെ പി ഗോളടിക്കുകയായിരുന്നു.

അഴിമതിക്കെതിരെ ചൂലുമായി രംഗത്തെത്തിയ ആംആദ്മി പാര്‍ട്ടിയെ ബി ജെ പി അഴിമതിയാരോപണം ഉയര്ത്തിക്കാട്ടിതന്നെ തൂത്തെറിയുന്ന കാഴ്ചയാണ് ഡല്‍ഹി കണ്ടത്. രാജ്യതലസ്ഥാനത്ത് അധികാരം ബി ജെ പിക്ക് അനിവാര്യമായിരുന്നു. അതിനായി അവര്‍ ഒരുക്കിയ രാഷ്ട്രീയ കുരുക്കിൽ കെജരിവാള്‍ കുരുങ്ങുകയായിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ മാസങ്ങളോളം അഴിക്കുള്ളിലായ അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന അമിതമായ വിശ്വാസം അവര്‍ക്ക് തിരിച്ചടിയായി.
ഡല്‍ഹിയില്‍ ഒരു ദേശീയ ബദല്‍ എന്ന എ എ പിയുടെ ആഗ്രഹത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാവുക. ആംആദ്മി പാര്‍ട്ടി പതിമൂന്ന് വര്‍ഷം മുന്‍പുമാത്രം രൂപീകൃതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. അണ്ണാ ഹസാരെ എന്ന പ്രമുഖ ഗാന്ധിയന്റെ നേതൃത്വത്തില്‍ രാംലീല മൈതാനത്ത് നടന്ന നിരാഹാര സമരത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു ആം ആദ്മി പാര്‍ട്ടി.

വ്യാപകമായ അഴിമതിക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രചാരണമായ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) പ്രസ്ഥാനത്തിലാണ് എഎപിയുടെ ഉത്ഭവം. സ്വതന്ത്ര അഴിമതി വിരുദ്ധ ഓംബുഡ്സ്മാനെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് പ്രസ്ഥാനം ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി രൂപീകരണം 2012 നവംബര്‍ 26-ന്, അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടി (എ എ പി) രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിലവിലുള്ള രാഷ്ട്രീയ അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിന് ഒരു ബദല്‍ നല്‍കാനാണ് പാര്‍ട്ടി രുപീകരിച്ചത്
പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം തികയുമ്പോഴായിരുന്നു 2013 ഡിസംബറില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടിയുടെയും ഡല്‍ഹിയുടേയും ചരിത്രം മാറ്റിയെഴുതി. AAP ആദ്യമായി തങ്ങളുടെ തെരഞ്ഞെടുപ്പു ശക്തി പരീക്ഷിച്ചു. സംശുദ്ധമായ ഭരണം, അഴിമതി കുറയ്ക്കല്‍, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനങ്ങള്‍.
ഡൽഹിയിലെ അഴിമതി വിരുദ്ധ സമരത്തിന്റെ ചൂടിലായിരുന്നു ആപ്പിന്റെ പ്രചാരണം. ഒരു പുതിയ പാര്‍ട്ടി ആണെങ്കിലും, AAP 70-ല്‍ 28 സീറ്റുകള്‍ നേടി,. ബിജെപി രണ്ടാം സ്ഥാനത്തെത്തി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (INC) 8 സീറ്റുകള്‍ നേടി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനാകാതെ, INC യുടെ ബാഹ്യ പിന്തുണയോടെ AAP ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു, 2013 ഡിസംബര്‍ 28-ന് അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രിയായി.

ജന്‍ ലോക്പാല്‍ ബില്ലില്‍ എതിര്‍പ്പ് നേരിട്ടതിനെത്തുടര്‍ന്ന് 2014 ഫെബ്രുവരി 14-ന് 49 ദിവസത്തെ അധികാരത്തിന് ശേഷം കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ രാജിവച്ചു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍, എ എ പി ദേശീയതലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു, പഞ്ചാബില്‍ 4 സീറ്റുകള്‍ നേടി.
2015-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ AAP ചരിത്രപരമായ ഒരു തിരിച്ചുവരവ് നടത്തി. പാര്‍ട്ടി വന്‍ വിജയം നേടി, 70-ല്‍ 67 സീറ്റുകളും നേടി, അരവിന്ദ് കെജ്രിവാള് വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വിജയം ഡല്‍ഹിയില്‍ എഎപിയുടെ പിടി ഉറപ്പിക്കുകയും ഭരണ പരിഷ്കാരങ്ങളിലൂടെ പാര്‍ട്ടിക്ക് കാര്യമായ അടിത്തറ ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാം ടേം പൊതു സേവനങ്ങളും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, സൗജന്യ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി എഎപി അയല്പക്ക ആരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിച്ചു. പാര്‍ട്ടി സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പുതിയ അധ്യാപന രീതികള്‍ അവതരിപ്പിക്കുകയും ചെയ്തു, ഇത് പൊതു വിദ്യാലയങ്ങളുടെ പ്രകടനത്തില്‍ ഗണ്യമായ പുരോഗതിക്ക് കാരണമായി. പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന യൂട്ടിലിറ്റികളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ട് പാര്‍ട്ടി വെള്ളത്തിനും വൈദ്യുതിക്കും സൗജന്യം ഏര്‍പ്പെടുത്തി കൂടുതല്‍ ജനകീയമാവാന്‍ ശ്രമങ്ങള്‍ നടത്തി.
2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും നേടിയാണ് എഎപി വന്‍ വിജയം കരസ്ഥമാക്കിയിരുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും മൂന്നാം ടേമില്‍ കെജരിവാളിന് പലപ്പോഴും കാലിടറി.

2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 ല്‍ 92 സീറ്റുകള്‍ നേടി എഎപി ചരിത്രവിജയം നേടുകയും ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയുമായി. ഡല്‍ഹിക്ക് പുറത്ത് എ എ പി സര്‍ക്കാര്‍ രൂപീകരിച്ചതോടെ കെജരിവാള്‍ അമിതമായ ആത്മവിശ്വാസത്തിലേക്ക് വഴിമാറി. ദേശീയ പാര്‍ട്ടിയായി എ എ പി സ്വയം മാറി. ഡല്‍ഹിയിലെയും പഞ്ചാബിലെയും വിജയത്തോടെ, ഒരു ദേശീയ ബദലായി എഎപി സ്വയം നിലയുറപ്പിക്കാന്‍ തുടങ്ങി. ഭരണപരിഷ്കാരങ്ങളിലും സംശുദ്ധ രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പാര്‍ട്ടി അതിന്റെ കാല്‍പ്പാടുകള്‍ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു പിന്നീട് ആപ്പിന്.
ഗോവ തിരഞ്ഞെടുപ്പിനെ നേരിടാനായി ഡല്‍ഹി മദ്യനയത്തില്‍ വെള്ളം ചേര്‍ത്തു. മദ്യ അഴിമതിയിലൂടെ ലഭിച്ച പണമാണ് തിരഞ്ഞെടുപ്പിനായി ഒഴുക്കിയതെന്നായിരുന്നു ഇ ഡി കണ്ടെത്തിയത്. ഇതോടെ കെജരിവാള്‍ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടു. ജയിലില്‍ ഇരുന്ന് ഡല്‍ഹി ഭരിച്ച മുഖ്യമന്ത്രിയെന്ന ചരിത്രം രചിച്ചതല്ലാതെ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ അനുതാപം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പാര്‍ട്ടിയുടെ എം എല്‍ എമാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഉണ്ടായിരുന്ന സ്വീകാര്യതയ്ക്കും ഇടിച്ചലുണ്ടാക്കി. അഷിതിയെ മുഖ്യമന്ത്രിയാക്കി സ്ത്രീകള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാനുള്ള നീക്കവും ഫലം കണ്ടില്ല. അവസാന ലാപ്പില്‍ എം എല്‍ എ മാര്‍ രാജിവച്ചതും അവര്‍ കൂട്ടത്തോടെ ബി ജെ പി പാളയത്തിലേക്ക് ചാഞ്ഞതും ഡല്‍ഹിയിലെ തിരിച്ചടിക്ക് ആക്കം കൂട്ടി. അങ്ങി ദീര്‍ഘകാലത്തെ ബി ജെി പിയുടെ സ്വപ്നമാണ് പൂവണിയുന്നത്. അതെ ഇന്ദ്രപ്രസ്ഥത്തില്‍ താമര വീണ്ടും പുഷ്പിച്ചിരിക്കുന്നു.