കോഴിക്കോട്: മതസ്പര്‍ദ്ധയുണ്ടാക്കാന്‍ കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് വടകര കോടതി. അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന് മനീഷ്, റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിന് വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചോദിച്ചിരിക്കുന്നത്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇവരെല്ലാം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് പറയുന്നതായി കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ അറിയിച്ചു. പോരാളി ഷാജി ഗ്രൂപ്പില്‍ നിന്നും സ്ക്രീന്‍ഷോട്ട് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
സ്ക്രീന്‍ഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് റിബേഷ് മറുപടി പറഞ്ഞിട്ടില്ലെന്നും പോലീസ് റിപോര്‍ട്ടില്‍ പറയുന്നു. ഇരയായ കാസിമിനെ തെറ്റായി പ്രതി ചേര്‍ത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതില്‍ ദുരൂഹതയുണ്ട്. തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചു തന്നത് എന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. തുടര്‍ന്നാണ് വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേര്‍ക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കാസിമിന്റേതെന്ന പേരില്‍ കാഫിര്‍ പരാമര്‍ശം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായിവന്നത്. എല്‍ഡിഎഫിന്റെ പരാതിപ്രകാരം കാസിമിനെതിരേ കേസെടുത്തു. സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന യൂത്ത് ലീഗ് പരാതിയിലും കേസ് രജിസ്റ്റര്‍ചെയ്തു.
കേസില്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാന്‍ കാസിം ഹൈക്കോടതിയെ സമീപിച്ചു. പോലിസിനെയോ കീഴ്ക്കോടതിയെയോ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഹർജി തീര്‍പ്പാക്കി. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇനി ഈ മാസം 20ന് വീണ്ടും പരിഗണിക്കും.