യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാർക്കിംഗ് ആണ് yellow box അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് yellow ബോക്സ്.
റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതുമാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് yellow box പൊതുവേ കാണപ്പെടുന്നത്. ബോക്സ് മാർക്കിംഗിൻ്റെ ഗണത്തിൽ പെട്ട ( IRC Code BM-06) മാർക്കിംഗ് ആണ് ഇത്.
ഒരേ ദിശയിൽ വരുന്ന വാഹനങ്ങൾ യെല്ലോ ബോക്സ് ഏരിയയിൽ നിർത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർമാർ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ. അതുവഴി ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കണം. അതായത് yellow box ന് അപ്പുറം കടക്കാം എന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ അതിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. വാഹനം ഓടിക്കുന്നവർക്ക് അവിടെ വാഹനം നിർത്താനോ പാർക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹമാണ്.
അസൗകര്യം ഉള്ള സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ,റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ ഒഴിവാക്കാം എന്ന സൗകര്യവും യെല്ലൊ ബോക്സ് മാർക്കിങ്ങിനുണ്ട്. ട്രാഫിക് തിരക്കുകൾ സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള സമൂഹത്തിന്റെ അടയാളമാണ് യെല്ലോ ബോക്സ് മാർക്കിങ്ങുകൾ.