പാലക്കാട്: പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. താഴത്തെ നിലയിലാണ് ഇവർ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിൽ നിന്ന് മകൾ താഴെ എത്തിയപ്പോഴേക്കും അച്ഛനും അമ്മയും ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ചന്ദ്രികയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.