സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി എൻസിപി നേതാവ് ശരത് പവാർ. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ താൻ ഇല്ലെന്നും യുവതലമുറയെ നയിക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞു. നീണ്ട ആറ് പതിറ്റാണ്ട് കാലത്തേ രാഷ്ട്രീയ ജീവിതമാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ബരാമതിയിൽ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഇത്തവണത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.
ഞാൻ ഇനി അധികാരത്തിലേക്ക് ഇല്ല . ഇപ്പോൾ ഞാൻ ഒരു രാജ്യസഭാംഗമാണ്, ഒന്നര വർഷം കാലാവധി ഇനി ബാക്കിയുണ്ട്. അതിനുശേഷം ഞാൻ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. എവിടെയെങ്കിലും വച്ച് ഇത് നിർത്തേണ്ടി വരും എന്ന് ശരദ് പവാർ പറഞ്ഞു.
പതിനാല് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയാണ് അദ്ദേഹം. നാലു തവണ മുഖ്യമന്ത്രിയുമായി. കോൺഗ്രസ് വിട്ട ശരത് പവാർ 1999 എൻസിപി രൂപീകരിച്ചു. യുപിഎ സർക്കാർ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
2023-ൽ അനന്തരവൻ അജിത് പവാർ ഒരു പ്രത്യേക വിഭാഗമുണ്ടാക്കിയതിനെത്തുടർന്ന് പാർട്ടിയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു. ബാരാമതിയിൽനിന്ന് 5 തവണ അജിത് പവാർ എംഎൽഎ ആയിരുന്നു. അതെല്ലാം ശരദ് പവാറിന്റെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അജിത് പവാർ ഇത്തവണ എൻഡിഎ പക്ഷത്തുനിന്നാണ് മത്സരിക്കുന്നത്.