തമിഴ്നാട് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. അണ്ണാമലൈയെ മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ബി.ജെ.പി നേതൃത്വം ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പത്തു മാസത്തിനകം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെ ഉൾപ്പെടെ വിവിധ കക്ഷികളുമായി ചേർന്ന് ശക്തമായ മുന്നണി രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് പിന്നാലെയാണ് അണ്ണാമലെെയെ നീക്കാനുള്ള തീരുമാനത്തിനും മൂർച്ചയേറുന്നത്.
അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാക്കളായ എം.ജി.ആറിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണ് അണ്ണാ ഡി.എം.കെ ചെയ്തത്.
എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള മുന്നണികളാണ് മത്സരിച്ചത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതോടെ ഡി.എം.കെ സഖ്യം തമിഴ്നാട്ടിലെ 39 ലോക്സഭ സീറ്റുകളും തൂത്തുവാരി. അണ്ണാമലൈ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു.ഈ പരാജയം മുർനിർത്തി തന്നെയാകണം ബിജെപി കളം മാറ്റി ചവിട്ടാൻ പദ്ധതിയിടുന്നത്.
അണ്ണാ ഡി.എം.കെയുമായി സഖ്യം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അണ്ണാമലൈ തുടരുമ്പോൾ സഖ്യവുമായി മുന്നോട്ടുപോകുന്നതിന് പ്രയാസമുണ്ടെന്ന് അണ്ണാ ഡി.എം.കെ നേതൃത്വം അറിയിച്ചതായാണ് വിവരം. തുടർന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അണ്ണാമലൈയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിഷേധ സൂചകമെന്നോണം കറുത്തമാസ്ക് അണിഞ്ഞ് എത്തിയ അണ്ണാമലെെ ആ കൂടിക്കാഴ്ച്ചയിലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അണ്ണാ ഡി എം കെ ബിജെപി സഖ്യത്തെകുറിച്ച് തനിക്കറിയില്ലെന്നാണ് മാധ്യങ്ങൾക്ക് നൽകിയ മറുപടിയിൽ അണ്ണാമലെെ പറഞ്ഞത്.
സമുദായത്തിനും സമുദായ അംഗങ്ങൾക്കും വിലകൊടുക്കുന്ന തമിഴ്നാട്ടിൽ ഒരേ സമുദായത്തിൽ നിന്നുള്ള രണ്ട് പാർട്ടി പ്രവർത്തകരാണ് അണ്ണാമെെലും എടപ്പാടി പളനിസ്വാമിയും. അങ്ങനെ വരുമ്പോൾ ഒരാൾക്കുവേണ്ടി മറ്റൊരാളെ ബലിയാടാക്കാതെ പുതിയ ചുമതലകൾ കൊടുത്ത് മാറ്റി നാർക്കുക എന്ന പൊളിറ്റിക്കൽ തന്ത്രം പയറ്റാനായിരിക്കും കേന്ദ്ര നേതൃത്വം ശ്രമിക്കുക.
അണ്ണാമലൈയെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ പകരം തിരുനൽവേലി എം.എൽ.എ നയിനാർ നാഗേന്ദ്രൻ, മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ളതെന്നും സൂചനയുണ്ട്. ഇതിൽ നൈനാർ നാഗേന്ദ്രനാണ് കൂടുതൽ സാധ്യതയെന്നും ചർച്ചകൾ ഉയരുന്നുണ്ട്.
അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നത് അണ്ണാമലെെയെ പോലെ ചൂടൻ നേതാവിനെ ചൊടുപ്പിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് അറിയാം. അത് മറികടക്കാനും വഴി കണ്ടിട്ടാണ് കേന്ദ്രം തമിഴ്നാട് ഭരണം സ്വപ്നം കാണുന്നത്. സഖ്യം രൂപീകരിക്കുമ്പോൾ അണ്ണാമലെെ ഡൽഹിക്ക് വണ്ടി കേറേണ്ടിവരുമെന്നാണ് സൂചന അടുത്ത പുനഃസംഘടനയിൽ അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച വാർത്തകളും രാഷ്ട്രീയ നീരീക്ഷകർക്കിടയിൽ നിന്നും പുറത്തുവരുന്നുണ്ട്.
എന്തൊക്കെയായാലും കെെവിട്ടു പോയ സഖ്യം തിരിച്ചു പിടിച്ച് തമിഴ്നാട്ടിലും താമര വിരിയിക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് അണ്ണാമലെെയുടെ അദ്യക്ഷ സ്ഥാനം നഷ്ടമാകുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
പത്ത് മാസത്തിനകം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പേഴേ ഹോം വർക്കുകൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നത് എതിർ കക്ഷികൾക്ക് ഒരു വെല്ലുവിളി ആകുമോ എന്നത് കാത്തിരുന്ന് കാണാം.