സിനിമ നാളെ തിയറ്ററിൽ എത്തുന്ന വേളയിൽ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയുടെ എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ സിനിമയുടെ മൂന്നാം ഭാഗത്തെ പറ്റിയുള്ള പ്രധാന സർപ്രൈസ് ചോർന്നത്. കഴിഞ്ഞ ദിവസം പുഷ്പ 2 വിന്റെ സൗണ്ട് മിക്സിങ് പൂർത്തിയായതായി അറിയിച്ചുകൊണ്ട് ഒരുഫോട്ടോ അദ്ദേഹം പങ്കുവെച്ചു. റസൂലും സംഘവുമുള്ള ഫോട്ടോയിൽ മറ്റൊരു പ്രധാന ട്വിസ്റ്റ് കൂടി ഉണ്ടായിരുന്നു.
പങ്കുവെച്ച ഫോട്ടോയിൽ അദ്ദേഹത്തിന് പിന്നിൽ പുഷ്പ 3: ദി റാംപേജ് എന്ന് വലിയ സ്ക്രീനിൽ കാണാം. അമളി പറ്റിയെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഫോട്ടോ അതിനു മുന്നേ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തുന്ന തെലുഗ് ചിത്രത്തിൽ വില്ലനായി മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലാണ് എത്തുന്നത്. കൂടാതെ മലയാളികൾക്ക് ആഘോഷിക്കാൻ മറ്റൊരു കാര്യം കൂടെയുണ്ട് പുഷ്പയിൽ.
കേരളത്തിലെ തന്റെ ആരാധകർക്ക് നന്ദി അറിയിക്കുന്നതിനായി പുഷ്പ 2 ലെ ഒരു ഗാനത്തിന്റെ വരികൾ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്ന് മലയാളികളുടെ സ്വന്തം മല്ലു അർജുൻ നേരത്തെ അറിയിച്ചിരുന്നു. പുഷ്പ 3 ഉണ്ടാകുമോ എന്നറിയാൻ ആരാധകർ ആവേശത്തിലാണ്.