ഭരണം കിട്ടിയാലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയൊള്ളൂ എന്ന ചിന്ത പോലും ഇല്ലാത്ത പോക്കാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടേത്. കോൺഗ്രസ്സ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചും, യുഡിഎഫ് ഘടക കക്ഷി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയും കോൺഗ്രസ്സ് ദേശീയ നേതൃത്വം അണികൾക്ക് ആത്മവിശ്വാസം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഫലം കാണുന്നില്ലെന്ന് വേണം പറയുവാൻ.
കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചാണ് പിണറായി വിജയൻ 2021ൽ ഭരണ തുടർച്ച നേടിയിരുന്നത്. ഈ അസാധാരണ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വി ഡി സതീശനും രംഗത്തേക്ക് വരുന്നത്. ഒന്നാം പിണറായി സർക്കാരിൽ സ്വർണക്കടത്തടക്കമുള്ള ആക്ഷേപങ്ങളെയും ഭരണ വിരുദ്ധ വികാരത്തെയും അതിജീവിച്ചാണ് കോവിഡ് കാലത്തെ ഒരുമയോടെയുള്ള പ്രവർത്തനത്തിലൂടെ എൽഡിഎഫ് ഭരണത്തുടർച്ച നേടിയത്.
മൂന്നാം തവണയും തങ്ങളുടെ നായകൻ പിണറായി വിജയനായിരിക്കുമെന്ന സൂചന സിപിഎം നൽകുമ്പോൾ, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കച്ചമുറുക്കുന്നത് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, ശശി തരൂർ, വി എം സുധീരൻ അടക്കം അരഡസനിലേറെ നേതാക്കളാണ്. ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനായ ടി. സിദ്ദിഖ് വി ഡി സതീശനൊപ്പവും നിന്നു. എന്നാൽ, തലയെണ്ണലിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ചെന്നിത്തലക്കായിരുന്നു.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുള്ള നേതാവിനെ പ്രതിപക്ഷനേതാവാക്കുക എന്ന കോൺഗ്രസ്സിലെ കീഴ് വഴക്കം അട്ടിമറിച്ച് പ്രതിപക്ഷ നേതാവാകാൻ സതീശന് കളമൊരുക്കിയത്, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയാണ്. കെപിസിസി പ്രസിഡന്റായ ഉടൻ, സുധാകരൻ നടത്തിയ പ്രഖ്യാപനം, നേരത്തെ സൂചിപ്പിച്ചതു പോലെ, കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്നതായിരുന്നു.
സതീശനാകട്ടെ, ബൂത്ത് കമ്മിറ്റി എന്ന കോൺഗ്രസിന്റെ അടിസ്ഥാനഘടകത്തെ മാറ്റി വാർഡ് തലങ്ങളിൽ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റികൾ എന്ന പദ്ധതിയും കൊണ്ടുവന്നു. കോൺഗ്രസിനെ സെമി കേഡറാക്കാനും എല്ലാ വാർഡുകളിലും സിയുസികൾ സ്ഥാപിക്കാനുമാണ് ഇരുവരും ശ്രമിച്ചത്. 2021 ജൂൺ 16ന് കെപിസിസി പ്രസിഡന്റായ സുധാകരന് നാല് വർഷമായിട്ടും കോൺഗ്രസിനെ സെമി കേഡറാക്കാൻ പോയിട്ട് പാർട്ടി പുനസംഘടനപോലും പൂർത്തീകരിക്കാനായിട്ടില്ല.
ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെങ്കിലും ഡിസിസി ഭാരവാഹികളെ നിയമിച്ചിട്ടുമില്ല. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തെങ്കിലും പുതിയ ഭാരവാഹികളായിട്ടില്ല. സതീശനാവട്ടെ സിയുസി കാര്യം മിണ്ടാൻപോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് പ്രതീക്ഷിച്ച സിയുസി പദ്ധതി തന്നെ, നിലവിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. രണ്ടാം പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിരവധി അവസരങ്ങൾ വീണുകിട്ടിയിട്ടും, നട്ടെല്ലുള്ള ഒരു സമരം നടത്താൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
ആശ വർക്കർമാരുടെ ഒരു മാസമായി തുടരുന്ന സമരത്തിൽ പോലും കോൺഗ്രസിനും യുഡിഎഫിനും ഒരു റോളുമില്ലെന്നതാണ് യാഥാർഥ്യം. മലയോര ജനതയുടെ പ്രശ്നങ്ങളുയർത്തി പ്രതിപക്ഷ നേതാവ് നടത്തിയ മലയോര സമരയാത്രയ്ക്കും വലിയ പിന്തുണ ലഭിക്കാതിരുന്നതും സതീശന് തിരിച്ചടിയാണ്. സംഘടനാപരമായി തകർന്നടിഞ്ഞ കോൺഗ്രസിനെ പല കാലഘട്ടങ്ങളിലും മുന്നോട്ടു കൊണ്ടു വന്നിരുന്നത് അതിന്റെ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തന്നെയായിരുന്നു.
ഇന്നത്തെ സാഹചര്യം യുവജന വിദ്യാർത്ഥി സംഘടനകൾ കോൺഗ്രസിന് കൂടുതൽ ബാധ്യത ആകുന്ന തരത്തിലാണ്. അനാവശ്യ വിവാദങ്ങളും തമ്മിൽ തല്ലും മാത്രമാണ് പോക്ഷക സംഘടനകൾക്കുള്ളിൽ നടക്കുന്നത്. കേരളത്തിന്റെ കൃത്യമായ പൊതു ചിത്രം പറയുകയാണെങ്കിൽ ഇടതുപക്ഷം തുടർഭരണത്തിലേക്ക് പതിയെ നീങ്ങുന്നതാണ് പ്രകടമാകുന്നത്. അതിന്റെ വേരറക്കുവാൻ ഏതെങ്കിലും രാഷ്ട്രീയ അത്ഭുതം തന്നെ നടക്കണം.