ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ റോളര്‍ കോസ്റ്റര്‍ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹി സ്വദേശിനിയായ പ്രിയങ്കയാണ്(24) മരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്പാര്ക്കില്വെച്ചാണ് അപകടമുണ്ടായത്. സംഭവസമയത്ത് പ്രിയങ്കയ്ക്കൊപ്പം പ്രതിശ്രുത വരന് നിഖിലുമുണ്ടായിരുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രിയങ്കയും നിഖിലും അമ്യൂസ്മെന്റ് പാര്‍ക്കിലെത്തിയത്. വൈകുന്നേരം ആറുമണിയോടെ ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറി. ഊഞ്ഞാല് ഏറ്റവും ഉയരത്തിലെത്തിയപ്പോള്‍ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാന്‍ഡ് തകരുകയും പ്രിയങ്ക നിലത്തേക്ക് പതിക്കുകയുമായിരുന്നു. താഴെവീണ പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രിയങ്കയുടെ മരണം. 2023 ജനുവരിയിലാണ് പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. 2026 ഫെബ്രുവരിയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി നോക്കുകയായിരുന്നു പ്രിയങ്ക.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.