മഹാരാഷ്ട്ര: മുംബൈയിൽ സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി കണ്ടെത്തി വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപമാണ് സ്യൂട്ട്കേസിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. പ്രദേശവാസികളായ കുട്ടികളാണ് വ്യാഴാഴ്ച വൈകിട്ട് ആദ്യം സ്യൂട്ട്കേസ് കണ്ടത്. പിന്നീട് കുട്ടികൾ സ്യൂട്ട്കേസ് തുറന്ന് നോക്കിയപ്പോഴാണ് അതിനുള്ളിൽ തലയോട്ടി കണ്ടത് . ഉടൻ തന്നെ കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു . അന്വേഷണത്തിൽ ബംഗാൾ സ്വദേശി ഉത്പല ഹിപ്പാർഗിയുടേതാണ് തലയോട്ടി എന്ന കണ്ടെത്തി . പിന്നാലെ തന്നെ ബംഗാൾ സ്വദേശിയായ ഭർത്താവ് ഹരീഷ് ഹിപ്പാർഗിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻ വിവാഹ ബന്ധത്തിലെ മകനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് മാസം മുൻപാണ് കൊലപാതകം ചെയ്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് . ബിസിനസ് നടത്തിയിരുന്ന ദമ്പതികൾക്കിടയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജനുവരി 9 ന് ഉണ്ടായ വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെയാണ് യുവതിയുടെ തല ഇയാൾ അറത്ത് മാറ്റിയത്. പിന്നീട് യുവതിയുടെ തലയും ചില സാധനങ്ങളും ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.