ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി എക്സ്. എ ഐ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രം വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം.
തുടര്‍ച്ചയായി വരുന്ന ബോംബ് ഭീഷണികളില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ അംഗങ്ങള്‍ നടത്തിയ യോഗത്തിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്സ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.