കൊച്ചി : ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 553 കോടി രൂപയുടെ അറ്റാദായം നേടി. 145.6 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. പ്രവര്‍ത്തന ലാഭം 21.7 ശതമാനം ഉയര്‍ന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധിച്ച് 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വര്‍ധന.

പ്രവര്‍ത്തന ചെലവ് 12.8 ശതമാനം വര്‍ധിച്ചെങ്കിലും ചെലവ്-വരുമാന അനുപാതം 73 ശതമാനമായി മെച്ചപ്പെട്ടു. നിക്ഷേപങ്ങള്‍ 18.3 ശതമാനമാണ് വര്‍ധിച്ചത്. മികച്ച പ്രവര്‍ത്തന ലാഭവും അറ്റാദായ വളര്‍ച്ചയും കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു. എസ്എംഇ, മിഡ് കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ മികച്ച വളര്‍ച്ചയാണ് നേടിയതെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു.