തൃശ്ശൂർ: പെരുമ്പിലാവിൽ യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം. സംഘർഷത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചുതകർത്തത്. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിന്റെ ദൃശ്യത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹോക്കി സ്റ്റിക്ക് ഉൾപ്പടെ ഉപയോഗിച്ച് ഷക്കീറിനെ നിലത്തിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തലയോട്ടി പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുമുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. പരിക്കേറ്റ ഷക്കീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് അറിയുന്നത്. സംഭവത്തിൽ ബാർ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.