വില്ലുപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച് യുവതി. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവാവിന് യുവതി ചായയിൽ വിഷം കലർത്തി നൽകുകയായിരുന്നു. യുവാവ് നിലവിൽ ഗുരുതരാവസ്ഥയി ചികിത്സയിലാണ്. കേസിലെ പ്രതിയായ രമ്യയും ജയസൂര്യയും അയൽവാസികളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടു. ഇതോടെ ജയസൂര്യ രമ്യയെ പിന്നീട് വിളിച്ചില്ല.
എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ താൻ ആത്മഹത്യാ ചെയ്യുമെന്ന് രമ്യ ഭീഷണിപ്പെടുത്തി. ഇതോടെ ഇരുവരും വീണ്ടും പ്രണയം തുടർന്നു. എന്നാൽ ഇക്കാര്യം ജയസൂര്യയുടെ വീട്ടുകാർ അറിയുകയും രമ്യയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് രമ്യ വേറൊരു നമ്പറിൽ നിന്ന് ജയസൂര്യക്ക് മെസേജ് അയച്ച് തന്റെ വീട്ടിലെ ടെറസിലേക്ക് വരാൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ജയസൂര്യയ്ക്ക് ചായ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് രമ്യ എലിവിഷം കലർത്തിയ ചായ നൽകുകയായിരുന്നു. ശേഷം രാത്രിയോടെ ചായയിൽ എലിവിഷം കലർത്തിയ കാര്യം രമ്യ വാട്സാപ്പിൽ മെസേജ് അയച്ച് ജയസൂര്യയോട് പറഞ്ഞു. ഇതോടെ ഉടൻ തന്നെ സുഹൃത്തുക്കളുമായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് വില്ലുപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലും യുവാവ് ചികിത്സ തേടി. പിന്നീട് ആരോഗ്യ നില വഷളായതോടെ ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.