മലപ്പുറത്ത് ബൈക്ക് മോഷണം നടത്തുന്ന മൂന്ന് പേര് പൊലീസ് പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടില്‍ ഷംനാഫ് (18), താഴത്തുവീട്ടില്‍ അബുതാഹിര്‍ (19) കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് (19), എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയതത്. മലപ്പുറം ജില്ലയില്‍ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളില്‍ ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്.
നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ച നിലയില്‍ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി രാത്രിയില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.