സി പി എമ്മില്‍ ഇ പി ജയരാജന് യുഗം അവസാനിക്കുകയാണോ ? എന്നുതന്നെ വേണം അനുമാനിക്കാന്‍… ജയരാജന് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെടുന്നതോടെ സി പി എമ്മില്‍ ആര്‍ക്കും വേണ്ടാത്ത നേതാവായി മാറുകയാണ്.
ബി ജെ പി ബന്ധം, ഹോട്ടല്‍ വ്യവസായം, ബന്ധു നിയമനം, ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനുമായുള്ള സാമ്പത്തിക ഇടപാട് തുടങ്ങി നിരവധി ആരോപണങ്ങളിലൂടെയായിരുന്നു ഇ പി ജയരാജന്റെ രാഷ്ട്രീയ ജീവിതം.
ഇപി ജയരാജന് ഇന്ന് നിര്‍ണ്ണായകം; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും
പാര്‍ട്ടിയില്‍ കുറേക്കാലമായി അനഭിമതനായി തീര്‍ന്ന ജയരാജന് ഏറെ നിരാശനായിരുന്നു. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം മുതല്‍ സി പി എമ്മില്‍ ശക്തനായ നേതാവായിരുന്നു ഇ പി. ഇടപെട്ട എല്ലാ മേഖലകളിലും വിവാദങ്ങള്‍ ഇ പിയുടെ കൂടപ്പിറപ്പുമായിരുന്നു.
നിര്‍ണ്ണായകമായൊരു കാലത്ത് പിണറായി വിജയന്റെ വലംകൈയായിരുന്ന ഇ പി നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ്. പാര്‍ട്ടിയില്‍ വി എസ് -പിണറായി പോരാട്ടത്തില്‍ പാര്‍ട്ടിയില്‍ നിര്‍ണായകമായ ഇടപെടലുകകള് നടത്തിയാണ് കരുത്തനായി മാറുന്നത്.
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത നേതാവായിരുന്നു ഇ പി. അക്കാലത്ത് പാര്‍ട്ടിയില്‍ കരുത്തനായിരുന്ന വി എസ് അച്ചുതാനന്ദന് ഇ പിയുടെ സംരക്ഷകനായി. പാര്‍ട്ടിയില്‍ നിന്നും ഇ പി യെ പുറത്താക്കാനുള്ള നീക്കത്തെ ചെറുത്തതും കൂടുതല്‍ കരുത്ത് പകര്‍ന്നതും വി എസ് ആയിരുന്നു.
ബലാത്സംഗക്കേസ്; അന്വേഷണ സംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎല്‍എ
ബി ജെ പി ദേശീയ നേതാവും കേരളത്തിന്റെ പ്രബാരിയുമായ പ്രകാശ് ഝാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ പിയുടെ മുകളില്‍ അവസാനത്തെ ആണിയായി പരിണമിച്ചത്. പാപികള്‍ക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന പിണറായിയുടെ കണ്ടെത്തല്‍ ജയരാജനും അംഗീകരിച്ചിരിക്കുന്നു. വിവാദങ്ങളുടെ തീച്ചൂളയില്‍ ഇ പി അവസാനിച്ചു.
ഇ പി ഒടുവില്‍ ക്ഷുഭിതനായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഇറങ്ങിപ്പോയിരിക്കുന്നു. ഇത് കേവലം എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുള്ള ഒഴിവാക്കല്‍ മാത്രമല്ല… പാര്‍ട്ടിയില്‍ നിന്നുള്ള വഴി പുറത്തേക്കാണെന്ന വ്യക്തമായ സന്ദേശം കൂടിയാണ്.
കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ കര്‍ശനമായ നടപടി ആവശ്യമാണെന്ന് നേരത്തെ തന്നെ കേന്ദ്രകമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍ ഡി എഫ് കണ്വീനര്സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ പാര്‍ട്ടിയില്‍ നിന്നും നടപടിയെടുത്ത് പുറത്താക്കിയാല്‍ അത് എതിരാളികള്‍ക്ക് പിടിവള്ളിയാവുമെന്ന ഭയമാണ് നടപടി വൈകിയത്.
ഇതോടെയാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിച്ചേര്‍ന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച നിരവധി പ്രസ്താവനകളും പ്രവര്‍ത്തികളും ഇ പിയില്‍ നിന്നും ഉണ്ടായെന്ന് നേതൃത്വം ഇതിനകം കണ്ടെത്തിയിരുന്നു. പാര്‍ട്ടി തിരഞ്ഞെടുപ്പ് കാലത്ത് വന്നു പെട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇ പിയുടെ ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നത്.
വിവാദ ദല്ലാളുടെ വെളിപ്പെടുത്തലും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും സി പി എമ്മിനും ഇടത് മുന്നണിക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇ പി ജയരാജന്റെ ബി ജെ പി ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതില്‍ സി പി എം മാധ്യമങ്ങളെ പഴിച്ചെങ്കിലും സത്യാവസ്ഥ എന്തെന്ന് എല്ലാവര്ക്കും പകല്‍ പോലെ വ്യക്തമായിരുന്നു.
എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് ഇ പി തൃപ്തനായിരുന്നില്ല. കോടിയേരി ബാലകൃഷ്ണനുശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നു പ്രതീക്ഷിച്ച ഇ പി ജയരാജനെ ഞെട്ടിച്ചുകൊണ്ടാണ് എം വി ഗോവിന്ദന് സെക്രട്ടറിയാവുന്നത്.
മോഹഭംഗം നേരിട്ട ജയരാജന് ഇതോടെ സജീവ രാഷ്ട്രീയം ഒഴിവാക്കുന്നതുപോലും ആലോചിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഇടക്കാലത്ത് ജയരാജന് മാധ്യമങ്ങളുമായി അഭിപ്രായം പങ്കിട്ടിരുന്നു. ഇതേ കാലത്താണ് ജയരാജനെ പാര്‍ട്ടി എല്‍ ഡി എഫ് കണ്വിനറാക്കുന്നത്. ഇതോടെ വിയോജിപ്പുകള്‍ക്ക് അല്പം ശമനമുണ്ടായെങ്കിലും എം വി ഗോവിന്ദനെ അംഗീകരിക്കാന്‍ ഇ പി ഒരിക്കലും തയ്യാറായില്ല.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് നടത്തിയ കേരള യാത്രയുമായി സഹകരിക്കാതെ വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. പാര്‍ട്ടിയില്‍ പ്രതിരോധം തീര്‍ത്ത് മുന്നേറിയ ജയരാജനെതിരെ പി ജയരാജന് ഉന്നയിച്ച അനധികൃത സമ്പത്തുവിഷയവും കണ്ണൂരിലെ റിസോര്‍ട്ടും അതുമായി ബന്ധപ്പെട്ട വിവാദവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. ഇതെല്ലാം ഇ പിക്കെതിരേയുള്ള നീക്കത്തിന് ആക്കം കൂട്ടി.
ഇ പി ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരിക്കവേയാണ് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടില്‍ നിന്നും കോടികള്‍ കൈപ്പറ്റിയെന്ന വിവാദം ഉണ്ടാവുന്നത്. അക്കാലത്തെല്ലാം പിണറായി ഇ പിയുടെ രക്ഷകനായി. കോഴിക്കോട്, മലപ്പുറം സമ്മേളനകാലത്ത് പാര്‍ട്ടിയെ പൂര്‍ണമായും പിണറായിയുടെ പക്ഷത്തേക്ക് എത്തിക്കുന്നതിനുള്ള ഇടനിലക്കാരന്റെ റോളായിരുന്നു.
അങ്ങനെ പാര്‍ട്ടിയില്‍ വി എസ് നേതാക്കളെ പുറത്താക്കിയും ഒപ്പം നിര്‍ത്തിയും പിണറായി, പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറുന്നതില്‍ നിര്‍ണായക നീക്കത്തിന് ചുക്കാന്‍ പിടിച്ചു. മട്ടന്നൂരില്‍ നിന്നും മത്സരിച്ച് ജയിച്ച ഇ പി ഒന്നാം പിണറായി മന്ത്രി സഭയില്‍ അംഗമായി.
വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്നു. ഇതാണ് ഇ പിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ തിരിച്ചടി. പിണറായിക്ക് എന്നും അനിവാര്യനായിരുന്ന ഇ പി കുറച്ചു കാലത്തിന് ശേഷം അനഭിമതനായി. മട്ടന്നൂരില്‍ വീണ്ടും സീറ്റു മോഹിച്ചെങ്കിലും അത് ലഭിച്ചില്ല.
പാര്‍ട്ടി സെക്രട്ടറി സ്ഥാനവും ലഭിച്ചില്ല. മൂന്നു വര്‍ഷമായി പാര്‍ട്ടിയില്‍ നിരാശനായിരുന്ന ഇ പി തന്നെ ഏല്‍പ്പിച്ച എല്‍ ഡി എഫ് കണ്വീനര്സ്ഥാനവും കൈവിട്ടതോടെ വെറും കൈയ്യോടെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു.
ഇനിയെന്താണ് ഇ പി യുടെ നീക്കമെന്നാണ് സി പി എമ്മില്‍ ഉയരുന്ന ചര്‍ച്ച. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമാവുന്ന സമയത്ത് ഇ പി ജയരാജനെതിരെയുള്ള നടപടികള്‍ ചര്‍ച്ചയായും. ഇ പിയെ എല്‍ ഡി എഫില്‍ നിന്നും പുറത്താക്കിയത് നേതൃത്വത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള താല്പര്യമില്ലാത്തതുകൊണ്ടാണ്. എന്നാല്‍ ഇ പി എന്തെങ്കിലും വെടിപൊട്ടിച്ചാല്‍ അത് സി പി എമ്മിന് വലിയ തലവേദനയായി മാറും.
നിരവധി ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു ഇ പി. പാര്‍ട്ടിയെ വെട്ടിലാക്കാന്‍ തുനിഞ്ഞാല്‍ അത് വലിയ തിരിച്ചടിക്ക് കാരണമാവാനും സാധ്യതയുണ്ട്. അതല്ല ഇ പി ബി ജെ പിയുമായി അടുക്കുമോ, സി പി എമ്മിന് തലവേദനയുണ്ടാക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകളും സജീവമാണ്. എന്തായാലും തിരുവനന്തപുരത്തോട്, എ കെ ജി ഭവനോട് ഇ പി വിടപറഞ്ഞിരിക്കുകയാണ്.