മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകം ഭൂമിയെ തൊട്ടത്. എന്നാല്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും പേടകത്തിലില്ല. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്.
2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങള്‍ നീണ്ടു. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്മോറിനേയും തിരികെ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.