ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു , മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാഫ് എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുന്നതിന് ഇവർ മൂന്ന് പേരും ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതിജീവനത്തിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ ഗാസയിലെ സാധാരണക്കാർക്ക് ബോധപൂർവ്വം നിഷേധിച്ചു. കൂടാതെ മരുന്നും മെഡിക്കൽ സപ്ലൈകളും ഇന്ധനവും വൈദ്യുതിയും നിഷേധിച്ചു എന്നും കോടതി വ്യക്തമാക്കി. മൂന്നംഗ പാനൽ ഏകകണ്ഠേനയാണ് വാറണ്ടുകൾ പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ വാറണ്ടുകൾ നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇപ്പോൾ ഐസിസിയുടെ അംഗങ്ങളായ 124 രാജ്യങ്ങളാണ്. ഇസ്രയേലോ അതിന്റെ സഖ്യകക്ഷിയായ അമേരിക്കയോ ഐസിസിയിൽ അംഗമല്ല.
ഇസ്രയേലും ഹമാസും ആരോപണങ്ങൾ നിഷേധിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധി നിരസിക്കുകയും ഗാസയിലെ യുദ്ധക്കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തു.