മോസ്കോ: അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്താകുവിൽ തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായത് എന്ന് അസർബയ്ജാൻ എയർലൈൻസ് വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തിൽ അസർബയ്ജാന്റെ തലസ്ഥാനമായ ബാക്കുവിൽനിന്ന് റഷ്യൻ നഗരമായ ഗ്രോസ്നിയിലേക്കു പോയ എംബ്രയർ 190 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുൾപ്പെടെ 38 പേർ അപകടത്തിൽ മരിച്ചു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
റഷ്യൻ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം വീണതെന്ന് ചൂണ്ടിക്കാട്ടി ചില സൈനികവിദഗ്ധർ രംഗത്തെത്തിയിരുന്നു. അതെസമയം യുക്രൈൻറെ ഡ്രോൺ പറക്കുന്ന മേഖലയായതിനാൽ, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനുനേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.എന്നാൽ, വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അസർബയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവ് വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ മോശമായതിനാൽ വിമാനത്തിന് വഴിമാറ്റേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.