മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബിഗ് എംസ് എന്നറിയപ്പെടുന്ന മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിൽ മികച്ച സൗഹൃദമാണ് ഉള്ളത്. നിലവിൽ മഹേഷ് നാരായണൻ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇരുവരും. 47 വർഷത്തെ കരിയറിൽ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മോഹൻലാലിൻറെ ആദ്യ ചിത്രം ബറോസ് നാളെ തിയറ്ററുകളിൽ എത്തും.
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ . ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി – എന്ന് മമ്മൂട്ടി കുറിച്ചു.
അതേസമയം മോഹൻലാൽ തൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ചെന്നൈയിൽ ബറോസിന്റെ പ്രത്യേക പ്രിവ്യൂ നടത്തി. പ്രമുഖ സംവിധായകൻ മണിരത്നവും നടൻ വിജയ് സേതുപതിയും ഷോ കാണാൻ എത്തി. മകൻ പ്രണവ് മോഹൻലാലും പ്രിവ്യു ഷോയ്ക്ക് എത്തി.