1984 ഡിസംബർ രണ്ടിനു രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തം ഉണ്ടാകുന്നത് . യൂണിയൻ കാർബൈഡ് ഫാക്റ്റിയില്നിന്ന് മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷ വാതകം ചോർന്ന് ആയിരങ്ങളാണ് മധ്യപ്രദേശദേശിലെ ഭോപ്പാലിൽ പിടഞ്ഞു വീണ് മരിച്ചത് . കൂടാതെ അഞ്ച് ലക്ഷത്തോളം പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇതു കാരണമുണ്ടായി. ഒടുവിൽ ഇതാ നാല്‍പ്പത് വർഷത്തിനൊടുവില്‍ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിലെ മാരകമായ മാലിന്യങ്ങള്‍ 250 കിലോമീറ്റർ ദൂരത്തേക്കു നീക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത് .
ഇൻഡോറിനടുത്ത് പീതംപൂരിലാണ് ഇതിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ് തലസ്ഥാനത്തുനിന്ന് ഈ മാലിന്യം നീക്കാൻ പലവട്ടം നിർദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി. ജിപിഎസ് ഘടിപ്പിച്ച അതീവ സുരക്ഷാ ട്രക്കുകളിലാണ് മാലിന്യം ഭോപ്പാലില്‍നിന്ന് ഇൻഡോറിലേക്കു മാറ്റുന്നത്.നാലാഴ്ചയ്ക്കുള്ളില്‍ മാലിന്യനീക്കം പൂർത്തിയാക്കണമെന്നാണ് ഡിസംബർ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി നല്കിയ അന്ത്യശാസനം. അധികൃതർ ഇനിയും അനങ്ങാപ്പാറ നയം തുടർന്നാല്‍ അത് മറ്റൊരു ദുരന്തത്തിനു കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.