അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയന്‍ കടല്‍പ്പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. 1782 മുതല്‍ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയന്‍. 240 വര്‍ഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയന്‍ കടല്‍പ്പരുന്ത് അറിയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി നല്‍കിയിരുന്നില്ല.
അമേരിക്കന്‍ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറന്‍സി, സര്‍ക്കാര്‍ രേഖകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയന്‍ കടല്‍പ്പരുന്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കടല്‍പ്പരുന്താണ് വെള്ളത്തലയന്‍ കടല്‍പ്പരുന്ത്. അമേരിക്കന്‍ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്.