ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ വിജയത്തിൽ ഇന്ത്യ സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു. ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് പിന്തുണ നൽകാതിരുന്നതാണ് ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കിടയിൽ തർക്കം ഉണ്ടാകാൻ കാരണം. ബിജെപിയുടെ വിജയത്തിന് പിന്നാലെ ‘ഇനിയും യുദ്ധം തുടരൂ’ എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കോൺഗ്രസിനെയും എഎപിയെയും ലക്ഷ്യമിട്ടാണ് ഈ പോസ്റ്റ് എന്നത് വ്യക്തമാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസ് ആണ് ഡൽഹിയിലെ പരാജയത്തിന് കാരണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിൽ തുടരേണ്ട എന്ന നിലപാടാണ് ആം ആദ്മി പാർട്ടിക്കുള്ളിൽ ഉയരുന്നത്. ഇന്ത്യ സഖ്യത്തിൽ നേതൃമാറ്റം വരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഡൽഹിയിലെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. ഇന്ത്യ മുന്നണി ഡൽഹിയിൽ ഒന്നിച്ചു നിൽക്കാതിരുന്നത് ദൗർഭാഗ്യകരമായി പോയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.