നവജാതശിശുക്കള്‍ക്കുളള മുലപ്പാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ വില്പന നടത്തുന്നതിന് നമ്മുടെ രാജ്യത്ത് അനുവാദമില്ല.മുലപ്പാല്‍ അനധികൃതമായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). വാണിജ്യാടിസ്ഥാനത്തിലുള്ള മുലപ്പാല്‍ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കണമെന്ന് ഈ മാസം 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.മുലപാല് നല്കാന് തയ്യാറായിട്ടുളള അമ്മമാര്‍ക്ക് മുലപ്പാല്‍ ദാനം ചെയ്യാനും കഴിയും.
എഫ്എസ്എസ് ആക്ട് 2016 പ്രകാരം മുലപ്പാല്‍ സംസ്ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ നമ്മുടെ രാജ്യത്ത് അനുവാദമില്ല. പാലുല്‍പ്പന്നങ്ങളുടെ മറവില്‍ ചില കമ്പനികള്‍ മുലപ്പാല്‍ കച്ചവടം നടത്തുന്നുണ്ടെന്നാണ് എഫ്എസ്എസ്എഐയുടെ കണ്ടെത്തല്‍. അതിനാല്‍ മുലപ്പാലിന്റെയോ മുലപ്പാല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയോ വാണിജ്യവില്‍പ്പന ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഫുഡ് റെഗുലേറ്ററുടെ നിര്‍ദേശത്തില്‍ പറയുന്നു.
മുലപ്പാല്‍ സംസ്ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന, കേന്ദ്ര ലൈസന്‍സിങ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുലപ്പാല്‍ ദാനം ചെയ്യാനേ കഴിയൂ, ഇതിന് പകരമായി പണമോ മറ്റ് ആനുകൂല്യമോ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. മുലപ്പാല്‍ വില്‍ക്കാനോ വാണിജ്യപരമായി ഉപയോഗിക്കാനോ കഴിയില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. നിയമം ലംഘിച്ചാല്‍ 5 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.