അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്കു പിന്നാലെ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ടീം ക്യാപറ്റന് സഞ്ജുവിന് വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ്. ഓവറുകള്‍ തീര്‍ക്കുന്നതു വൈകിയതിനാണ് 24 ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരിക. 58 റണ്‍സ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന് ക്യാപ്റ്റന്‍ പിഴ ശിക്ഷ ലഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിനു ശേഷവും രാജസ്ഥാന്റെ താല്‍ക്കാലിക ക്യാപ്റ്റനായ റിയാന്‍ പരാഗിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. ഐപിഎല്‍ ചട്ടപ്രകാരം സ്ലോ ഓവര്‍ റേറ്റു വന്നാല്‍ ഒരു ടീമിലെ ഇംപാക്ട് പ്ലേയര്‍ അടക്കം എല്ലാ താരങ്ങളും ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ ആണ് പിഴയായി ഒടുക്കേണ്ടത്.
മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 19.2 ഓവറില്‍ 159 റണ്‍സെടുക്കാനാണ് സാധിച്ചത്. തോല്‍വിക്കു പിന്നാലെ ബൗളിങ്ങിലെ ടീമിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സഞ്ജു സാംസണ് രംഗത്തെത്തി. 15-20 റണ്‍സ് അധികമായി വിട്ടുനല്കിയതു മത്സരത്തിലെ നിയന്ത്രണം നഷ്ടമാക്കിയതായി സഞ്ജു സാംസണ് പ്രതികരിച്ചു. മത്സരത്തില്‍ 28 പന്തുകള്‍ നേരിട്ട സഞ്ജു 41 റണ്‍സെടുത്താണ് പുറത്തായത്.