കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേർ കൊലപാതകത്തിന് ഇരയായ കേസിൽ പ്രതി ഋതു ജയനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. ഋതുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി.
പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ വ്യക്തമാക്കി. കുറ്റപത്രം ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പ്രതിയ്ക്ക് മറ്റ് മാനസിക പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.