എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞതിനുശേഷം 24 മണിക്കൂർ കഴിഞ്ഞിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ്. കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ആരാണ് ദിവ്യയെ സഹായിച്ചത്.
പത്തനംതിട്ടയിലെ നേതാക്കൾ ദിവ്യക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചു. എന്നാൽ അവരെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പോലീസിന് സാധിക്കാത്തത് സർക്കാറിന്റെ പരാജയമാണ്. ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ആത്മാർത്ഥതയില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കളിയാക്കുകയാണ്. എന്തുകൊണ്ടാണ് സർക്കാർ പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത്. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നത് വരെ ബിജെപി സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് യുഡിഎഫിനാണ് പോയതെന്ന് എൽഡിഎഫ് സ്ഥാനാർഥി പരസ്യമായി സമ്മതിച്ചിട്ടും എംവി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയുന്നില്ല. എൽഡിഎഫിന്റെ വോട്ടുകൾ കഴിഞ്ഞതവണ ഏത് ഡീലിന്റെ ഭാഗമായിട്ടാണ് ഷാഫി പറമ്പിലിനു പോയത്. ആ ഡീലിനെ പറ്റി വിഡി സതീശനും മറുപടി പറയണം.

പിവി അൻവറുമായിട്ട് യുഡിഎഫ് എന്ത് ഡീൽ ആണ് ഉണ്ടാക്കിയത്. എന്ത് പ്രത്യുപകാരമാണ് അൻവറിനു യുഡിഎഫ് ചെയ്തുകൊടുക്കാൻ പോകുന്നത്. ഇതെല്ലാം വിഡി സതീശൻ വ്യക്തമാക്കണം. വർഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് എന്താണ് യുഡിഎഫും എൽഡിഎഫും പരസ്യമായി പറയാത്തത്.
ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് ഇരു പാർട്ടികളും പ്രഖ്യാപിക്കുന്നില്ല. എൽഡിഎഫ്- യുഡിഎഫ് ഐക്യപ്പെടലിനെതിരെ കേരളം ഈ ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതും. കോൺഗ്രസിലെ ഉന്നത നേതാക്കളെ മൂലക്കിരുത്തി ഒരു മാഫിയ സംഘം കോൺഗ്രസ്സിൽ പിടിമുറുക്കുകയാണ്. ഇത് തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഗുണകരമാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.