ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസില്‍ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി .വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹര്ജിക്കാരന്.
2023 സെപ്റ്റംബര്‍ 20ന് അണ്ണാ നഗറിലെ ഐസ്ക്രീം കടയില്‍നിന്നുള്ള ഇറ്റാലിയന്‍ കസാട്ട ഐസ്ക്രീം കേക്കാണു ഫിറോസ് ഓര്‍ഡര്‍ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ എംആര്‍പി 300 രൂപയാണെന്നു കണ്ടെത്തിയതോടെയാണു പരാതി നല്‍കിയത്. അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയില്‍ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.
ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം ഭക്ഷ്യവസ്തുക്കളുടെ എംആര്‍പിക്കു മുകളില്‍ 700 രൂപ അധികമായി ഈടാക്കുന്നത് അന്യായമായ വ്യാപാരവും സേവനത്തിലെ അപര്യാപ്തതയുമാണെന്നു ബെഞ്ച് വിലയിരുത്തി. തുടര്‍ന്നാണ് ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 2,000 രൂപയും നല്‍കണമെന്ന് ഉത്തരവിട്ടത്