നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം ഏറെ പിന്നിലാണ്. ഒരുകാലത്ത് സൈബറിടം അടക്കി വാണിരുന്ന സിപിഎം ഇന്ന് പിന്നിലേക്ക് പോയതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്. തുടർച്ചയായി ഭരണത്തിലിരിക്കുന്ന പാർട്ടി ഒട്ടനവധി വിവാദങ്ങളിൽ ആണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗവൺമെന്റിനെതിരായ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും സൈബർ ഇടങ്ങളിൽ സിപിഎം വലിയതോതിലുള്ള ന്യായീകരണത്തിന്റെ മതിൽ തീർത്തിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ പൂർണമായും കൈവിട്ടു പോയിരിക്കുന്നു. സർക്കാരിനെതിരായി ഉയർന്നുവരുന്ന വിവാദങ്ങളിൽ എവിടെയും ന്യായീകരണത്തിന് സിപിഎം സൈബർ ഹാൻഡിലുകൾ എത്തുന്നതേയില്ല. ഒരുകാലത്ത് സജീവമായി ഇടപെട്ട പ്രൊഫൈലുകൾ പോലും ഇന്ന് നിശ്ചലമാണ്. പാർട്ടിയുടെ ഔദ്യോഗിക പേജുകളിൽ ന്യായീകരണ പോസ്റ്റുകളും വിവിധ പ്രതിവാര പരിപാടികളും തുടങ്ങിയെങ്കിലും അതൊന്നും പച്ച പിടിക്കുന്നതേ ഇല്ല.
തങ്ങൾക്കെതിരായി വരുന്ന മാധ്യമ വാർത്തകൾക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയും ആയ എം സ്വരാജ് അവതാരകനായി എത്തുന്ന തുറന്നുകാട്ടുന്ന സത്യാനന്തരങ്ങൾ എന്ന പേരിൽ പരിപാടി ആരംഭിച്ചെങ്കിലും ക്ലിക്ക് ആയതേയില്ല. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഉൾപ്പെടെ വീഡിയോ പരിപാടികൾ ആരംഭിച്ചെങ്കിലും പാർട്ടി പ്രവർത്തകർ പോലും തിരിഞ്ഞു നോക്കിയില്ല. വർഗ്ഗ ബഹുജന സംഘടനകളെ അതിനൊത്ത് ഉയർത്തുവാൻ നോക്കിയിട്ടും നടന്നതേയില്ല. എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും സർവീസ് സംഘടനകൾക്കും സൈബർ ഇടത്തിലെ പെർഫോമൻസ് നന്നാക്കണമെന്ന് ഉപദേശം നൽകിയെങ്കിലും അവരാരും അത് കാര്യമാക്കിയതുമില്ല. ചില സ്വകാര്യ ഏജൻസികൾ വഴി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലം കണ്ടതേയില്ല.
കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ സൈബർ ഏകോപനം നികേഷ് കുമാറിനെ ആയിരുന്നു പാർട്ടി ഏൽപ്പിച്ചിരുന്നത്. മുഴുവൻ സമയവും പാലക്കാട് മണ്ഡലത്തിൽ തങ്ങി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏകോപനം. എന്നാൽ അതും ഗുണത്തേക്കാൾ ഏറെ ദോഷമായിരുന്നു സിപിഎമ്മിന് സൃഷ്ടിച്ചത്. ഇതോടെയാണ് ചില പരീക്ഷണങ്ങൾക്ക് പാർട്ടി ഒരുങ്ങുന്നത്. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയ പി സരിന് സാമൂഹ്യ മാധ്യമങ്ങളുടെ താക്കോൽ നൽകുവാനാണ് പാർട്ടി ആലോചിക്കുന്നത്. സരിൻ കോൺഗ്രസിനെ സമാനതകളില്ലാത്ത നിലയിൽ സാമൂഹ്യ മാധ്യമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ നേതൃസ്ഥാനത്തേക്ക് ഒട്ടേറെ പേർ കടന്നുവന്നെങ്കിലും സരിനോളം മുന്നേറ്റം സൃഷ്ടിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. പത്തിരട്ടി സൈബർ ശക്തിയുള്ള സിപിഎമ്മിനെ പല ഘട്ടങ്ങളിലും നിഷ്ക്രിയമാക്കുവാൻ സരിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ സൈബർ പടയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തിരുവില്വാമല പകവത്ത് കുടുംബാംഗമായ സരിൻ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2007ലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 2008 ലാണ് സിവില്‍ സർവീസ് പരീക്ഷ ആദ്യമായി എഴുതി 555 റാങ്ക് നേടി. ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിൽ ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ നാലു വര്‍ഷം കർണ്ണാടകത്തിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ആയി.തുടർന്ന് എൽഎൽബി പഠനത്തിനുള്ള പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടി സരിൻ എറണാകുളത്തെ സർക്കാർ ലോ കോളജിൽ 3 വർഷത്തെ പഠനത്തിനു ചേർന്നു. 2023 ൽ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരക്കാരനായാണ് കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയിൽ ഡോ.പി.സരിനെത്തിയത്.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന് പ്രവര്‍ത്തിച്ചിരുന്നു. സരിനിലെ പ്രൊഫഷണൽ മികവിനെ തങ്ങൾക്ക് ഏതുതരത്തിൽ പ്രയോജനപ്പെടുത്തുവാൻ കഴിയുമെന്നാണ് സിപിഎം പുകഞ്ഞ് ആലോചിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയിലേക്ക് സരിൻ എത്തിയാൽ പുതിയ ആവേശം സൈബർ ഇടങ്ങളിൽ ഉണ്ടാകുമെന്ന് നേതൃത്വം കരുതുന്നു. സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഇതിൽ വ്യക്തതയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തി ആർജ്ജിച്ചില്ലെങ്കിൽ തിരിച്ചടി നേരിടുമെന്ന ഭയം സിപിഎമ്മിന് ഉണ്ട്. അതിനെ പ്രതിരോധിക്കാൻ സരിന്റെ നായകത്വത്തിൽ ആശ്രയം കണ്ടെത്താൻ ഒരുങ്ങുകയാണ് സിപിഎം.