കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിലെ സാക്ഷികളുടെ വിചാരണ ഇന്ന് ആരംഭിക്കും. വന്ദനയോടൊപ്പം സംഭവ സമയം കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ വിനോദ് മുമ്പാകെ ആദ്യം വിസ്തരിക്കുന്നത്.2023 മേയ് 10ന് നടന്ന കൊലപാതകത്തെ സംബന്ധിച്ച് പൊലീസ് മുമ്പാകെ പ്രഥമ വിവരമൊഴി നൽകിയത് ഡോ. മുഹമ്മദ് ഷിബിൻ ആയിരുന്നു.
പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂർ സ്വദേശിയായ പ്രതി സന്ദീപ് അക്രമം അഴിച്ചുവിടുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർ, സന്ദീപിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സമീപവാസികൾ എന്നിവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് ക്യാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.വന്ദനയെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.