വീറും വാശിയും കൊടുമ്പിരികൊണ്ട്, സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അതിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാധ്യമായ വഴികളിലൂടെയെല്ലാം സ്ഥാനാര്‍ത്ഥികളും മുന്നണികളും പ്രചാരണം നടത്തുമ്പോഴും അവര്‍ക്ക് തലവേദനയായി ചില വിവാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
അതില്‍ പുതിയതും പഴയതും ഒക്കെ ഇടവിടാതെ ഉള്‍പ്പെടുന്നുമുണ്ട്. പലവിവാദങ്ങളില്‍ നിന്നും മാറി, ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഇടതുപക്ഷ വേദികളിലെ ഘടകകക്ഷികളുടെ അസാന്നിധ്യമാണ്.
തൃക്കാക്കരയും പുതുപ്പള്ളിയും ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സജീവമായി രംഗത്ത് ഉണ്ടായിരുന്ന ഘടകകക്ഷികളെ ഒരു വേദിയിലും കാണാനില്ല. സാധാരണയായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതാത് ഘടകകക്ഷികള്‍ അവരുടെ യോഗം കൂടുകയും അടുത്തഘട്ടമായി കണ്വെന്ഷന് വിളിച്ചു ചേര്‍ക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വയനാടും പാലക്കാടും ചേലക്കരയിലും അത്തരം യോഗങ്ങള്‍ പോലും കാര്യക്ഷമമായി നടന്നിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
കുറച്ചുകാലമായി വിവാദങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരില്‍ നിന്നും ഘടകകക്ഷികള്‍ അകലം പാലിക്കുകയാണ്. നിയമസഭയിലും പുറത്തും മുഖ്യമന്ത്രിക്ക് എതിരായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ മന്ത്രിമാര്‍ പോലും പിണറായി വിജയന് പ്രതിരോധം തീര്‍ക്കാഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഇടതുമുന്നണി യോഗങ്ങള്‍ പ്രഹസനമായി മാറുന്നുവെന്നും എല്ലാ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കപ്പെടുന്നത് ഒരു കേന്ദ്രത്തില്‍ നിന്നാണെന്നും ഘടകകക്ഷികള്‍ക്ക് ആക്ഷേപമുണ്ട്.
പതിനൊന്ന് വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി ബോംബെ ഹൈക്കോടതി
പല ഘട്ടങ്ങളിലും ഘടകകക്ഷികള്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ അടിച്ചേല്പ്പിക്കപ്പെടുവാന് വിധിക്കപ്പെട്ടവരായും മാറുന്നു. ഇതിന്റെ അസ്വസ്ഥയില്‍ നിന്നും ഉണ്ടായതാണോ മണ്ഡലങ്ങളിലെ അസാന്നിധ്യമെന്ന് വ്യക്തമാക്കേണ്ടത് ഘടകകക്ഷികള്‍ തന്നെയാണ്.
പി.സി ചാക്കോ നേതൃത്വം നല്കുന്ന എന്‍സിപിയും ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസും എം വി ശ്രെയാംസ് കുമാറിന്റെ ആര്‍ജെഡിയും പ്രചാരണ രംഗത്ത് തീരെയില്ല. ഇവരുടെ ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും ഒന്നും തന്നെ പങ്കെടുക്കുന്നുമില്ല.
ഇനി ഒരുപക്ഷേ ഇടതുമുന്നണിയെ ഹൈജാക്ക് ചെയ്ത് സിപിഐഎം ഒറ്റയ്ക്ക് മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ആണോ ഘടകകക്ഷികളുടെ അസാന്നിധ്യമെന്നതും സംശയത്തോടെ വിശകലനം ചെയ്യേണ്ട ഒന്നാണ്. ഇടതുപക്ഷത്തെ പ്രധാന ഘടകകക്ഷിയായ സിപിഐ പോലും കാര്യമായി പ്രചരണ രംഗത്ത് ഇല്ല.
സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
ഘടകകക്ഷികള്‍ അവരുടെ ഇഷ്ടത്തിന് മാറി നില്‍ക്കുന്നതാണോ അതോ അവരെ ഒഴിവാക്കി നിറുത്തിയിരിക്കുന്നതാണോ എന്നതാണ് വ്യക്തമല്ലാത്തത്. അടുത്ത കുറച്ച് കാലമായി സിപിഐഎമ്മിന് ഘടകകക്ഷികള്‍ നല്കിയ തലവേദന ചെറുതൊന്നുമായിരുന്നില്ലല്ലോ.
എന്‍സിപിയിലെ മന്ത്രിവിവാദവും പി എസ് സി നിയമന കോഴ വിവാദവും ജെ ഡി എസിന്റെ കേന്ദ്രത്തിലെ സംഘപരിവാര്‍ ബന്ധവും തുടങ്ങി ഒന്ന് തീരും മുന്‍പേ മറ്റൊന്ന് ഒപ്പിച്ചുവെയ്ക്കുന്നുണ്ടായിരുന്നു സിപിഐ.
ഘടകകക്ഷികളുടെ പ്രശ്നപരിഹാരത്തിനും, ചോദ്യങ്ങള്‍ക്കും പിന്നാലെ മാത്രമായിരുന്നു നേതൃത്വത്തിന്റെ പരക്കംപാച്ചില്‍. അങ്ങനെ നോക്കുമ്പോള്‍ പാര്‍ട്ടിക്ക് തലവേദന മാത്രം നല്കികൊണ്ടിരുന്ന ഘടകകക്ഷികളെ സിപിഐഎം മനഃപൂര്‍വ്വം അടുപ്പിക്കാത്തതാണെന്ന സംശയം തോന്നിയാലും തെറ്റുപറയാനാകില്ല.
ഇനി പിണറായി വിജയന് അടിമകളായി തീരുന്നു എന്ന ബോധ്യം പ്രവര്‍ത്തകരില്‍ ഉടലെടുത്തതിന്റെ ഫലമായി അവര്‍ സ്വയം മാറി നില്‍ക്കുന്നതാണോ എന്നും വ്യക്തമല്ല. കാരണം എന്തുതന്നെയായാലും അത്യാവേശപൂര്‍വ്വം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഘടകകക്ഷികളുടെ അസാന്നിധ്യം പാര്‍ട്ടിക്ക് ക്ഷീണമാണുണ്ടാക്കുക.