അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കൂടാതെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഡൽഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ആകും ഇവിടെയും പദ്ധതി കൊണ്ട് വരിക .
ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാകും പദ്ധതിയിലൂടെ നിര്‍മ്മിക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. കൂടാതെ 20 കോടി ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.
മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ ന്യൂ ഇന്നിംഗ്സ് പദ്ധതിയും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.ഇതിനായി അഞ്ചുകോടി രൂപയും വകയിരുത്തി. കൂടാതെ തൊഴിൽരഹിതർക്കായി മെഗാ ജോബ് എക്സ്പോ 2025 ഫെബ്രുവരിയില്‍ നടക്കും. രണ്ട് മെഗാ ജോബ് എക്സ്പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം. ജോബ് എക്സ്പോയിലൂടെ മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ഇതിനായുള്ള റെജിസ്ട്രെഷൻ സൗകര്യം മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്റ്റേഷന് ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.