മന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു എം നോയല്‍ നല്കിയ ഹർജിയിലാണ് വിധി പറയുക.
വിഷയത്തിൽ സജി ചെറിയാനെതിരെ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം നീതിയുക്തമല്ല എന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് കോടതി കേസ് ഡയറി വിളിച്ച് വരുത്തിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറയുക .
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ഭരണഘടനയിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.