തൃശൂർ: വടക്കാഞ്ചേരിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ കരിമരുന്ന് ശേഖരം പൊലീസ് പിടികൂടി. വടക്കാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും അനധികൃതമായി സൂക്ഷിച്ച കരിമരുന്ന് ശേഖരം പിടികൂടിയത്. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.കണ്ടന്നൂർ സുരേഷ് എന്നയാളുടെ ഉമസ്ഥതയിലുളള കുണ്ടന്നൂർ തെക്കേക്കരിയിലുളള ഷെഡ്ഡിൽ നിന്നുമാണ് കരിമരുന്ന് പിടികൂടിയത്.
പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്നും, 2.20 കി.ഗ്രാം ഓലപ്പടക്കവും 3.750 കി.ഗ്രാം കരിമരുന്ന് തിരിയും, 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുമാണ് പിടികൂടിയത്. സംഭവത്തിൽ സുരേഷിനെ പ്രതിയാക്കി കേസെടുത്തു. തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളോടനുബന്ധിച്ചുളള വെടിക്കെട്ടിനുളള ഒരുക്കം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.