കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ മലയാള സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് വന്നതിന് പിന്നാലെ ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ലഹരിപ്പാർട്ടി നടന്നെന്ന് പറയുന്ന ഹോട്ടലിൽ പോയെങ്കിലും അയാളെ കണ്ടിട്ടില്ലെന്നും വിശദീകരണമായി നടി പ്രയാഗ മാർട്ടിൻ.
സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വെച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പുലർച്ചെ അഞ്ച് മണിയോടെയാണ് ഹോട്ടലിൽ എത്തിയത്.
‘ഹ..ഹാ..ഹി..ഹു!’; ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്ട്ടിന്
കുറച്ചുനേരം അവിടെ വിശ്രമിച്ച ശേഷം ഒരു ഉദ്ഘാടന ചടങ്ങുള്ളതിനാൽ രാവിലെ ഏഴു മണിക്ക് തന്നെ മടങ്ങി. തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണ്, അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല.
എന്നാൽ, വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ലെന്നും പ്രയാഗ മാർട്ടിൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയ കഥകൾ മെനഞ്ഞുണ്ടാക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണിയാണ്.
എന്നെ കുറിച്ച് എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് പറയുക എന്റെ ഉത്തരവാദിത്തമാണ്. പൊലീസ് എന്നെ ചോദ്യം ചെയ്യാനോ മറ്റോ വിളിച്ചിട്ടില്ല. ഇത് തെറ്റായ വാർത്തയാണ്. ഞാൻ ഈ പറയുന്ന ലഹരി പദാർഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. എന്നെ കുറിച്ച് സോഷ്യൽ മീഡിയ വഴി കഥകൾ പ്രചരിക്കുമ്പോൾ അതുകേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ലെന്നും പ്രയാഗ കൂട്ടിച്ചേർത്തു.