തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിനെതിരെ ഐ ബി രംഗത്ത് . ഐ ബി ഉദ്യോഗസ്ഥയായ യുവതിയിൽ നിന്ന് ഐ ബി ഉദ്യോഗസ്ഥനും ,പ്രതിയുമായ സുകാന്ത് പലതവണ പണം വാങ്ങിയെന്നും , ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും ഐബി ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിഷയത്തിൽ സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്നലെ ഇയാൾക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു.
യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് പോലീസ് കണ്ടത്തിയത് . വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി ആണ് പൊലീസ് വെളിപ്പെടുത്തുന്നത്.യുവതിയുടെ മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.