കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്കിയ പരാതിയില്‍ അന്വേഷണ ചുമതല എസ്. പി പൂങ്കുഴലിക്ക്. നടിയുടെ പരാതിയിൽ എടുത്ത കേസ് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ശ്രീലേഖ മിത്രയുടെ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോർത്ത് പൊലിസ് കേസെടുത്തത്. ഐ.പി.സി 354 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും രഞ്ജിത്തിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കാണിച്ചാണ് നടി കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു. ആരോപണം നിഷേധിച്ച സംവിധായകൻ നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.