കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.
അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നതു ശരിയല്ല. ആ ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു. ‘‘റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ മോശം രീതിയിലൂടെ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ വേദനയുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും.
ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണം’’–ജഗദീഷ് പറഞ്ഞു.