കെപിസിസി അധ്യക്ഷ സ്ഥാനത്ത് ആരു വരുമെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാകുന്നതിനിടയിലാണ് കൊടിക്കുന്നിൽ സുരേഷിന്റെ ഒരു പ്രസംഗം വിവാദമായി ഉയരുന്നത്. താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസിക അവസ്ഥയിലാണെന്നും പലതും തുറന്ന് പറഞ്ഞാൽ ശത്രുക്കൾ കൂടുംമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് പ്രസംഗത്തിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുള്ള വേദിയിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രസംഗം. താൻ നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും. തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്.
സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പം അല്ലായിരുന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു.താൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു. പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചത്. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായി ഇരുന്നവർ ഉണ്ട്. അവരെ ഒന്നും ആരും പറയാറില്ല.തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് തുറന്നടിച്ചു.
ഈ പ്രസംഗത്തിന് ചെറിയ മാനമൊന്നുമല്ല ഇപ്പോഴത്തെ ആനുകാലിക സാഹചര്യത്തിൽ ഉള്ളത്. ഇന്ന് കോൺഗ്രസിലുള്ള മറ്റു നേതാക്കളെക്കാൾ താൻ എന്തുകൊണ്ടും ഈ പാർട്ടിയിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് അർഹനാണെന്ന സന്ദേശമാണ് കൊടിക്കുന്നിൽ നൽകുന്നത്. ഏതെങ്കിലും തരത്തിൽ തന്നെ പരിഗണിക്കാതെ പോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം താൻ ദളിതൻ ആണെന്നത് ആണെന്നും അദ്ദേഹം പറയാതെ പറയുന്നുണ്ട്. പലയാവർത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേര് ഉയർന്നിട്ടുണ്ട്. അപ്പോഴെല്ലാം അവസാന നിമിഷം അദ്ദേഹത്തെ പരിഗണിക്കാതെ മറ്റു പേരുകളിലേക്ക് എത്തുകയായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന് വിഷമം ഉണ്ടായിട്ടുമുണ്ട്. നിലവിൽ കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത്.
ദേശീയ തലത്തിൽ കോൺഗ്രസിന്റെ ദലിത് മുഖമായി നിലകൊള്ളുന്നത് കൊടിക്കുന്നിൽ സുരേഷാണ്. പാർലമെന്റിലും പുറത്തും അദ്ദേഹത്തിന്റെ പല ഇടപെടലുകളും മുന്നേറ്റത്തിന് ഗുണം ചെയ്യുന്ന തരത്തിലും ആണ്. വിശ്രമമില്ലാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതു തന്നെയാണ്. സംസ്ഥാനത്ത് ഒട്ടാകെ ആഴത്തിലുള്ള വ്യക്തിബന്ധങ്ങൾ കൊടിക്കുന്നിൽ സുരേഷ് എന്ന നേതാവിനുണ്ട്. ഈ കാരണങ്ങൾ എല്ലാം നിരത്തി തന്നെ പാർട്ടിയുടെ തലപ്പത്തേക്ക് ഏതു വിധേനയും എത്തുവാനുള്ള പരിശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആ ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചെറിയ പരിശ്രമം കൂടിയായി ഇപ്പോഴത്തെ പ്രസംഗത്തെ നമുക്ക് കണക്കാക്കാം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാത്രമല്ല മാറ്റം ഉണ്ടാകുവാൻ പോകുന്നത്. പത്തോളം ഡിസിസി അധ്യക്ഷന്മാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല എന്ന തരത്തിലുള്ള പരാമർശം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചില ഡിസിസി അധ്യക്ഷന്മാരെ എഐസിസി മാറ്റാനൊരുങ്ങുന്നത്.
കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ നേരത്തെതന്നെ തുടങ്ങിയിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് തീരുമാനം നീട്ടിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമുമ്പ് അധ്യക്ഷനെ മാറ്റാനാണ് നീക്കം. അതിനിടെ, നേതൃമാറ്റം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് എത്രയും വേഗം വേണമെന്ന വികാരം ഒരുവിഭാഗം നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രണ്ടു മുതിർന്ന എംപിമാർ രാഹുൽ ഗാന്ധിയെ നേരിൽകണ്ടപ്പോഴും ഇക്കാര്യം സൂചിപ്പിച്ചതാണ്. നേതൃമാറ്റ ആവശ്യവുമായി നേതൃത്വത്തെ സമീപിച്ച ചില നേതാക്കൾ അധ്യക്ഷ പദവിക്കു വേണ്ടിയുള്ള ചരടുവലി സജീവമാക്കിയിരുന്നു.
സാമുദായിക പിന്തുണ രാഹുലിനെ ധരിപ്പിക്കാനുള്ള ശ്രമവും ചിലരിൽ നിന്നുണ്ടായി. ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ് അതൃപ്തിക്ക് കാരണം. സഭകള്‍ ഇക്കാര്യം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നു. അകന്നു നില്ക്കുന്ന ക്രൈസ്തവ സഭകളെ പാര്‍ട്ടിയോട് അടുപ്പിക്കാനായി സഭകളുടെ നിര്‍ദേശം അംഗീകരിക്കണോ, അതോ കെ സുധാകരന് പകരം ഈഴവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ പരിഗണിക്കണോ എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. ഈഴവ സമുദായം ബിജെപിയോട് അടുക്കുന്നത് തടയുക ലക്ഷ്യമിട്ട് ആ സമുദായത്തില്‍ നിന്നുതന്നെ ഒരാളെ നേതൃസ്ഥാനത്ത് അവരോധിക്കണമെന്നാണ് ഈ വിഭാഗത്തെ അനുകൂലിക്കുന്നവരുടെ വാദം.