മാഡ്രിഡ് : ടെന്നിസിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ റഫേൽ നദാൽ ടെന്നിസ് കോർട്ടിൽനിന്ന് പടിയിറങ്ങുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ‘ഞാൻ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം’ – താരം വീഡിയോയിൽ അറിയിച്ചു.
അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിൽ മലാഗക്കെതിരെ സ്പെയിനിനായി തന്റെ അവസാന മത്സരമായിരിക്കുമെന്ന് താരം അറിയിച്ചു. 22 ഗ്രാൻഡ്സ്ലാം കിരീടത്തിന്റെ അലങ്കാരമുള്ള കരിയറിന്റെ അവസാനത്തിൽ താരത്തെ നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്നു.