മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇന്നലെ പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി മുന്നണിയിലെ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍) ശിവസേന (ഉദ്ധവ്) പാര്‍ട്ടികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും.
എസ്പി, സിപിഎം, പെസന്റ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി എന്നിവര്‍ക്കായി 15 സീറ്റുകള്‍ നീക്കിവയ്ക്കും. ശേഷിക്കുന്ന 18 സീറ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്, ശരദ് പവാര്‍, ഉദ്ധവ് വിഭാഗങ്ങള്‍ തന്നെ വീതിച്ചെടുക്കും. മുംബൈ, നാസിക്, വിദര്‍ഭ മേഖലകളിലെ ചില സീറ്റുകളിലാണ് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.
സീറ്റ് ധാരണയ്ക്ക് പിന്നാലെ ഉദ്ധവ് വിഭാഗം 65 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് വിട്ടു. കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഉടന്‍ പുറത്തിറക്കും. മറുവശത്ത് ഭരണകകക്ഷിയായ എന്‍ഡിഎ 182 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി 99 ഉം എന്‍സിപി അജിത് പവാര്‍ പക്ഷം 38 ഉം ഷിന്‍ഡെ വിഭാഗം ശിവസേന 45 ഉം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.