ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെച്ചൊല്ലി ആകാംക്ഷ തുടരുന്നതിനിടെ, അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലെ അറ്റകുറ്റപ്പണികളുടെ ദൃശ്യം വൈറലായി. അമേഠിയില്‍ രാഹുല്‍തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന അഭ്യൂഹവും ഇതോടെ ശക്തമായി.
സ്ഥാനാര്‍ഥിപ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് അമേഠിയിലെ ബി.ജെ.പി.സ്ഥാനാര്‍ഥി സ്മൃതി ഇറാനി രംഗത്തെത്തി. സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സീറ്റില്‍ കണ്ണുവെച്ചതിനാല്‍ രാഹുല്‍ ഇനി എന്തുചെയ്യുമെന്ന് സ്മൃതി ചോദിച്ചു.
ബസില്‍ യാത്രചെയ്യുന്നവര്‍ സീറ്റില്‍ മറ്റാരും ഇരിക്കാതിരിക്കാനായി തൂവാലയിടാറുണ്ട്.
രാഹുലും തൂവാലയിട്ട് സീറ്റുപിടിക്കാനെത്തും. തിരഞ്ഞെടുപ്പിന് 27 ദിവസമേ ബാക്കിയുള്ളൂ. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഹങ്കാരമാണ്. രാഹുലിന് 15 വര്‍ഷമായി ചെയ്യാനാകാത്തത് താന്‍ അഞ്ചുവര്‍ഷംകൊണ്ട് ചെയ്തെന്നും അവര്‍ പറഞ്ഞു. അമേഠിയും റായ്ബറേലിയുമടക്കമുള്ള മണ്ഡലങ്ങളില്‍ അഞ്ചാംഘട്ടമായ മേയ് 20-നാണ് വോട്ടെടുപ്പ്.
26-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതോടെ നാമനിര്‍ദേശ പത്രികസമര്‍പ്പണം തുടങ്ങും. റായ്ബറേലിയിലും കൈസര്‍ഗഞ്ചിലും ബി.ജെ.പി.യും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അമേഠിയില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്ന സൂചന രാഹുല്‍ഗാന്ധിയും ഇതുവരെ നല്‍കിയിട്ടില്ല.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയെത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.