ബിനുകൃഷ്ണ /സബ് എഡിറ്റർ
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്മേക്കർ ഐ.വി.ശശി അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം ആവനാഴി ഡിജിറ്റൽ സാങ്കേതിക മികവോടെ ജനുവരി 3 ന് റി റിലീസ് ചെയ്യും. റോസിക എന്റർടൈമെൻസ് ചിത്രം തീയേറ്ററിൽ എത്തിക്കും. വൻ സാമ്പത്തിക വിജയം നേടിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബൽറാം.
1986 ൽ റിലീസായി 38 വർഷത്തിന് ശേഷമാണ് ഐ വി ശശി സംവിധാനം ചെയ്ത ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്നത്തെ ഇൻഡസ്ടറി ഹിറ്റായ സിനിമ പിന്നീട് മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ടി ദാമോദരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഗീത, സീമ, നളിനി, സുകുമാരൻ, ക്യാപ്റ്റൻ രാജു, ജനാർദ്ദനൻ, ഇന്നസെൻറ്, ശ്രീനിവാസൻ, സി ഐ പോൾ, പറവൂർ ഭരതൻ, കെപിഎസി അസീസ്, ശങ്കരാടി, ജഗന്നാഥ വർമ്മ, അഗസ്റ്റിൻ, കുഞ്ചൻ, തിക്കുറിശ്ശി സുകുമാരൻ നായർ, പ്രതാപചന്ദ്രൻ, അലിയാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.